Thursday, 14 July 2011

ഒരു നിമിഷം...നിങ്ങളുടെ സക്കാത്ത് എത്ര?

               നിങ്ങള്‍ നിങ്ങളുടെ സക്കാത്ത് എത്ര ആണെന്ന് കണക്കു കൂട്ടിയോ? എന്താണ് സക്കാത്ത്? അതിന്റെ പരിതി എത്ര? ആരാണ് കൊടുക്കേണ്ടത്? ആര്‍ക്കാണ്‌ കൊടുക്കേണ്ടത്? എങ്ങനെ ആണ് കൊടുക്കേണ്ടത് ? എത്രെ ആണ് കൊടുക്കേണ്ടത്? എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍ പലരും ചോദിക്കാറുണ്ട്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആകുമോ എന്ന് അറിയില്ല. എന്നിരിന്നാലും  സക്കാത്തിനെ കുറിച്ച് ഖുരാനിലും ഹദീസിലും പറഞ്ഞ ചില കാര്യങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.  

ഖുറാനില്‍ നിന്ന് :

പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(2:43)

അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട്‌ നിങ്ങളില്‍ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌ ചെയ്തത്‌.(2:83)

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.(2:177)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(2:277)

അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍.(5:55)

പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതിന്‍റെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.(6:141)

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.(9:5)

എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.(9:11)

ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.(9:60)

തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.(19:55)

അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത്‌ നല്‍കണമെന്നും നാം അവര്‍ക്ക്‌ ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്‌.(21:73)

നീ പറയുക: ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവന്കലെക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നില കൊള്ളുകയും അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍. സക്കാത്ത് നല്കാത്തവരും പരലോകത്തില്‍ വിശ്വാസം ഇല്ലാത്തവരുമായ ബഹുദൈവ ആരാധകര്‍ക്കാകുന്നു  നാശം.(41:6-7) 

സകാത്തിനെ കുറിച്ച് ഹദീസില്‍

ജരീര്‍(റ) പറയുന്നു: നമസ്കാരം നിലനിര്‍ത്തുവാനും സക്കാത്തു കൊടുക്കുവാനും സര്‍വ്വ മുസ്ളിംകള്‍ക്കും നന്മ കാംക്ഷിക്കാനും ഞാന്‍ നബി(സ)ക്ക് ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകള്‍ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകള്‍കൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലില്‍ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്ന സന്ദേശങ്ങള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന് യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)

അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അഞ്ചു ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല. അഞ്ചില്‍ താഴെ എണ്ണമുള്ള ഒട്ടകത്തിന് സക്കാത്തില്ല. അഞ്ചു വസ്ഖില്‍ കുറഞ്ഞ ധാന്യത്തിനും സക്കാത്തില്ല. (ബുഖാരി. 2. 24. 487)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ആരെങ്കിലും തന്റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്റെ വലം കൈകൊണ്ട് സ്വീകരിക്കും. പിന്നീട് നിങ്ങളിലൊരാള്‍ തന്റെ ശിശുവിനെ പോറ്റി വളര്‍ത്തും പോലെ ഒരു മലയോളം വലുതാകും വരേക്കും അല്ലാഹു അതിനെ വളര്‍ത്തിക്കൊണ്ടുപോരുന്നതാണ്. (ബുഖാരി. 2. 24. 491)

ഹാരിസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. ഒരാള്‍ തന്റെ ധര്‍മ്മവുമായി നടന്നാല്‍ അത് സ്വീകരിക്കാനാളെ കിട്ടാത്ത ഒരു കാലം നിങ്ങള്‍ക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കില്‍ ഞാനിതു സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്റെ ആവശ്യമില്ല എന്ന് ആളുകള്‍ അന്ന് പറയുന്നതാണ്. (ബുഖാരി. 2. 24. 492)

അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)  

അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്. (ബുഖാരി. 2. 24. 497)

അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി: ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍. (ബുഖാരി. 2. 24. 498)

അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്റെ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത് ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍ നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന് നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍ എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം. യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി. 2. 24. 500)

അസ്മാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന പക്ഷം തന്റെ പാത്രത്തിന്റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരില്‍ അല്ലാഹുവും എണ്ണിക്കണക്കാക്കി വെച്ചുകളയും. (ബുഖാരി. 2. 24. 513)

ആയിശ(റ) നിവേദനം: നബി(സ) അരുളി: ദുര്‍വ്യയം ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ധനത്തില്‍ നിന്നും ദാനം ചെയ്താല്‍ അവള്‍ക്ക് അതിന്റെ പ്രതിഫലമുണ്ട്. അവളുടെ ഭര്‍ത്താവിന് സമ്പാദിച്ചതിന്റെ പ്രതിഫലമുണ്ട്. ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്. (ബുഖാരി. 2. 24. 518)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി. 2. 24. 522)

സഈദ്(റ) തന്റെ പിതാമഹനില്‍ നിന്ന്(അബൂമൂസ) നിവേദനം ചെയ്യുന്നു. നബി(സ) അരുളി; സര്‍വ്വ മുസ്ലീംകളും സക്കാത്തു കൊടുക്കേണ്ടതുണ്ട്. അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി(സ) പ്രത്യുത്തരം നല്‍കി: അവര്‍ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്റെ ദേഹത്തെ ശുശ്രൂഷിക്കണം. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ അന്ന് അവര്‍ വീണ്ടും ചോദിച്ചു: നബി(സ) അരുളി. ആപത്തു ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ അവന്‍ സഹായിക്കട്ടെ അതിനും കഴിവില്ലെങ്കിലോ? അനുചരന്മാര്‍ വീണ്ടും ചോദിച്ചു: നബി(സ) അരുളി. അവന്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നു നില്‍ക്കുകയും ചെയ്യട്ടെ. നിശ്ചയം അത് അന് ദാനധര്‍മ്മമാണ്. (ബുഖാരി. 2. 24. 524)

അനസ്(റ) പറയുന്നു: അല്ലാഹുവിന്റെയും റസൂലിന്റേയും കല്‍പ്പന അബൂബക്കര്‍(റ) അനസിന് എഴുതി അയച്ചു. ഒരുത്തന്റെ സക്കാത്തില്‍ ഒരു വയസ്സുള്ള പെണ്ണൊട്ടകം നല്‍കേണ്ട ഘട്ടമെത്തി. അവന്റെയടുക്കല്‍ അതില്ല. രണ്ടു വയസ്സുള്ള പെണ്ണൊട്ടകമുണ്ട് താനും എങ്കില്‍ അതു വാങ്ങാം. പക്ഷെ സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹമോ രണ്ടാടോ അവന് നഷ്ടപരിഹാരമായി കൊടുക്കണം. ഇനി കൊടുക്കാന്‍ പറ്റിയ ഒരു വയസ്സ് പ്രായമായ പെണ്ണൊട്ടകം അവന്റെ കൈയിലില്ല. രണ്ടു വയസ്സായ ഒരു ആണൊട്ടകം മാത്രമേയുള്ളൂ. എങ്കില്‍ അതവനില്‍ നിന്ന് സ്വീകരിക്കാം. കൂടുതലൊന്നും വാങ്ങേണ്ടതില്ല. (ബുഖാരി. 2. 24. 528)

അബൂസഈദ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പ്രവാചകന്റെ അടുത്തു വന്ന് ഹിജ്റക്ക് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു. നിനക്ക് നാശം! നിശ്ചയം അതിന്റെ പ്രശ്നം വിഷമകരമായതാണ്. നിനക്ക് സക്കാത്ത് കൊടുക്കുവാന്‍ മാത്രം ഒട്ടകമുണ്ടോ? അതെ, അയാള്‍ മറുപടി പറഞ്ഞു: അപ്പോള്‍ നബി(സ) പ്രത്യുത്തരം നല്‍കി. നീ കടലിനപ്പുറം പോയി സല്‍കര്‍മ്മം ചെയ്താലും നിന്റെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലത്തില്‍ ഒരു കുറവും അല്ലാഹു വരുത്തുകയില്ല. (ബുഖാരി. 2. 24. 532)

ഉമ്മുസല(റ) യുടെ പുത്രി സൈനബു നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! അബുസലമയുടെ സന്താനങ്ങള്‍ക്ക് ഞാന്‍ ദാനം ചെയ്താല്‍ എനിക്ക് പ്രതിഫലം ലഭിക്കുമോ? അവര്‍ എന്റെയും സന്താനങ്ങളാണ്. നബി(സ) അരുളി: നീ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. നീ ചിലവ് ചെയ്തതിന്റെ പ്രതിഫലം നിനക്ക് കിട്ടും. (ബുഖാരി. 2. 24. 546)

അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തന്നെ സത്യം. നിങ്ങളില്‍ ഒരാള്‍ കയറെടുത്ത്(മലയില്‍ കയറി) വിറക് വെട്ടി തന്റെ മുതുകില്‍ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്റെയടുക്കല്‍ ചെന്ന് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവന്‍ ചോദിച്ചിട്ട് മനുഷ്യര്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍ ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍. പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി. 2. 24. 554)