Tuesday, 15 February 2011

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ .......

കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്ക്കും ചില കാര്യങ്ങള് നമ്മോട് പറയാനുണ്ട്...

ഞാന് ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല് ഞാന് ജീവിതത്തില് ഒരു നിരാശയും നേരിടാന് ശക്തി നേടില്ല. ഞാന്ചിലപ്പോള് വാശിപിടിക്കും. ചിലപ്പോള് തറയില് കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്ക്കറിയാം എനിക്ക് തരണമോ വേണ്ടയോഎന്ന്. ഞാന് നിര്ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.

നിങ്ങള് ചിലപ്പോള് പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായംമാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില് ഒരു തീരുമാനമെടുത്താല് അതില് പിടിച്ചുനില്ക്കുക.

എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില് പറഞ്ഞാല് ഞാന് അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്ശാസിക്കണമെന്ന് നിങ്ങള്തന്നെ തീരുമാനിക്കുക.

നിങ്ങള് എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല് അത് പാലിക്കുക. അതുപോലെ ഞാന് എന്തെങ്കിലും തെറ്റ് ചെയ്താല് ദയവു ചെയ്ത് തിരുത്തുക.അല്ലെങ്കില് ഞാന് വിചാരിക്കും തെറ്റു ചെയ്താല് ഒന്നും ചെയ്യില്ല. അത് ആവര്ത്തിക്കാം എന്ന്.

എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള് എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസംതകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്ക്ക് അറിയാന് പാടില്ലേ? ഞാന് മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്തെളിയിക്കേണ്ട ആവശ്യമുണ്ടോ?

ഞാന് വളര്ന്നുവരുമ്പോള് എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില് അമ്മേ ഏത് ഡ്രസ്സാണ് ഇന്ന്ഇടേണ്ടത് എന്നു ദിവസവും ഞാന് ചോദിക്കേണ്ടിവരും.

എന്റെ കൂട്ടുകാരുടെ മുന്നില്വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില് ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു?എന്റെ തെറ്റു തിരുത്താന് എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്വെച്ചല്ല ഞാന് തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്വെച്ച് നിങ്ങളെന്നെനിന്ദിക്കുമ്പോള് മറ്റുള്ള കുട്ടികള്ക്ക് ആസ്വദിക്കാന് ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്കണം?

തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള് ഉള്പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്ദം കൂട്ടുന്നു. ഉച്ചത്തില് വഴക്ക് പറയുന്നു. എന്നെ പറഞ്ഞുമനസ്സിലാക്കാന് വേറെ വഴിയില്ലേ? നിങ്ങള് ഒച്ചയെടുത്താല് ഞാന് വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്ചെയ്യുന്നത് ഞാന് ആവര്ത്തിച്ചാല് തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.

എന്റെ മുന്നില് മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില് നിങ്ങളെ മറ്റുള്ളവര് വിളിച്ചാല്  

'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട്പറയിക്കാതിരിക്കുക. ഞാന് നിങ്ങളെപ്പറ്റി എന്റെ മനസ്സില് സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന് നിങ്ങള് തന്നെ ഇടയാക്കരുത്.

ചിലപ്പോള് സ്കൂളില് പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില് വരാനോ ചില അടവുകള് ഞാന് പ്രയോഗിക്കുന്നത് നിങ്ങളില് നിന്നുതന്നെപഠിച്ചിട്ടാണ്. നിങ്ങള് ഓഫീസില്‍ 'വയറുവേദന','പനി' എന്നു കാരണം പറഞ്ഞ് വീട്ടില് ക്രിക്കറ്റ് ഫൈനല് കണ്ടിരിക്കുമ്പോള് നിങ്ങളെന്നെ പഠിപ്പിക്കുന്നത്ഇങ്ങനെയുള്ള പ്രയോഗങ്ങള് എനിക്കും ചെയ്യാമെന്നാണ്.

നിങ്ങള് ചിലപ്പോള് തെറ്റു ചെയ്യുമ്പോള് അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള് തെറ്റു ചെയ്യുമ്പോള്ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.

ഞങ്ങള് കുട്ടികള് ചില കുസൃതികള് കാണിക്കും. അത് നിങ്ങള് ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില് കുട്ടികള്ക്കുംവലിയവര്ക്കും എന്താണ് വ്യത്യാസം?

15-16 വയസ്സാകുമ്പോള് ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്നിന്ന് ഞാന് നല്ല മാര്ഗത്തില് പോകാന് ഇത്സഹായിക്കും. ഞാന് എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന് മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരുകൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.

നിങ്ങള് എന്റെ മുന്നില് വഴക്കുണ്ടാക്കാതിരിക്കുക. ഞാന് ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്ഷനില്ലാതെയും ജീവിക്കാന്അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില് നിങ്ങള് തമ്മില് ഒരു വഴക്ക്, എനിക്ക് വയ്യ.

എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില് ഒന്നാമനാകാന് പറ്റുമോ?ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന് പഠിപ്പിക്കുക. ജീവിതത്തില് ജയപരാജയങ്ങള്ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില് എപ്പോഴെങ്കിലും തോറ്റാല് എന്നില് കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.
 

Tuesday, 8 February 2011

ഒറ്റക്കിരുന്ന്‌ ചില ചോദ്യങ്ങള്‍

അസ്സലാമു അലൈക്കും,

``പുസ്‌തകത്തിലെ പേജുകള്‍ മറിക്കാനുള്ളതാണ്‌. ജീവിതത്തിലെ പുറങ്ങള്‍ അതിനുള്ളതല്ല'' എന്ന്‌ രോഗബാധിതനായി കിടക്കവേ ലോകപ്രശസ്‌ത സാഹിത്യകാരന്‍ ഷൂസേ സരമാഗൂ പറഞ്ഞിട്ടുണ്ട്‌. സമയമല്ല നമ്മളാണ്‌ കടന്നുപോകുന്നത്‌. ഓരോ ദിവസവും കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നിശിതമായ ആത്മവിമര്‍ശനമാണ്‌ പോംവഴി.

``സ്വകാര്യവേളകളെ ആത്മവിചാരണയുടെ ഇടവേളകളായി സ്വീകരിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പുതിയൊരു ദിവസത്തെ കൈവരിക്കാം'' എന്ന്‌ ഇമാം ശാഫിഈയുടെ കവിതയുണ്ട്‌. സ്വകാര്യമായിരുന്ന്‌ സ്വന്തത്തെ വിലയിരുത്തണം. ബഹളങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ്‌ സ്വന്തം നെഞ്ചിലേക്കു ചൂണ്ടി ചോദ്യങ്ങളുയര്‍ത്തണം. ആ ചോദ്യങ്ങളില്‍ ഇവയുണ്ടാകാട്ടെ:
1 എന്റ പോരായ്‌മകളെല്ലാം ഏറ്റവുമറിയുന്നത്‌ ഞാനാണ്‌. അവ പരിഹരിക്കുന്നതിനു വേണ്ടി ഞാന്‍ എന്തു ചെയ്‌തു?
2. പാടില്ലാത്ത പല ചിന്തകളും മനസ്സില്‍ മുളച്ചുപൊന്തുന്നു. അവയില്‍ നിന്ന്‌ മനസ്സിനെ ശുദ്ധീകരിക്കാന്‍ എന്തു ചെയ്‌തു?
3. എവിടെയൊക്കെയാണ്‌ എനിക്ക്‌ വീഴ്‌ചകള്‍ പറ്റുന്നതെന്ന്‌ അറിഞ്ഞിട്ടും സ്വയം നിയന്ത്രിക്കാന്‍ എന്തു ചെയ്‌തു?
4. എല്ലാം കാണുന്നവനാണ്‌ അല്ലാഹു എന്നറിഞ്ഞിട്ടും അവന്‍ കാണുമല്ലോ എന്ന ചിന്ത നഷ്‌ടപ്പെട്ടതു കൊണ്ടാണ്‌ മുഴുവന്‍ തെറ്റുകളും വന്നുപോയത്‌. അവന്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്ലാത്തതിനാലാണ്‌ സംസാരത്തില്‍ പാപങ്ങള്‍ പെരുകിയത്‌.
5. അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാനാണ്‌ നമസ്‌കാരങ്ങള്‍. എന്റെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ ഞാനെന്താണ്‌ നേടിയത്‌?
6. നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്‌തപ്പോള്‍ പോലും നല്ല നിയ്യത്ത്‌ എനിക്ക്‌ നഷ്‌ടപ്പെട്ടില്ലേ?
7. സമയം, സമ്പത്ത്‌, ആരോഗ്യം, അറിവ്‌... എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും അല്ലാഹു ചോദിക്കും. ഏത്‌ അനുഗ്രഹമായിരിക്കും എന്നെ കുറ്റക്കാരനാക്കുക?
8. കടപ്പാടുകളുടെ ലോകത്താണ്‌ എന്റെ ജീവിതം. മാതാപിതാക്കള്‍, കുടുംബങ്ങള്‍, ഇണ, സുഹൃത്തുക്കള്‍, അയല്‍പക്കം... ഇതില്‍ ഏതെങ്കിലുമൊന്നിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനാവുമോ?
9. രോഗികള്‍, അനാഥകള്‍, വിധവകള്‍, സാധുജനങ്ങള്‍... എന്റെ ചുറ്റുമുള്ള ഇവരെ പരിഗണിക്കാത്തതിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനാവില്ലേ!
10. ഞാന്‍ വിശ്വസ്‌തനാണോ?
11. സാമ്പത്തിക വിഷയമാണ്‌ ഒരാളെ തിരിച്ചറിയാനുള്ള നല്ല മാര്‍ഗമെന്ന്‌ തിരുനബി പറഞ്ഞു. എനിക്ക്‌ എന്നെ തിരിച്ചറിയാനുള്ള നല്ല വഴിയും അതുതന്നെ. എന്റെ സമ്പത്ത്‌ മുഴുവനായും ഹലാല്‍ ആണോ?
12. സംസാരത്തില്‍ വരുന്ന പിഴവുകള്‍ എത്രമാത്രം ഗുരുതരമാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും എന്തുകൊണ്ട്‌ ഞാനത്‌ തുടരുന്നു?
13. ചെറിയ പാപങ്ങള്‍ എന്നെ നശിപ്പിക്കില്ലേ?
14. ദുശ്ശീലങ്ങള്‍ എന്തുകൊണ്ട്‌ അവസാനിപ്പിക്കാനാവുന്നില്ല? നല്ല ശീലങ്ങള്‍ തുടങ്ങാനാകുന്നില്ല?
15. ചെറിയ പുണ്യങ്ങള്‍ എനിക്കെത്രയോ ചെയ്യാന്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട്‌ അവ നിലനിര്‍ത്താനാവുന്നില്ല?
16. അസൂയ, അഹങ്കാരം, ആഡംബരം ഇവയെല്ലാം വന്‍ പാപങ്ങളാണെന്നറിഞ്ഞിട്ടും എന്നില്‍ സംഭവിക്കുന്നുണ്ടോ?
17. നല്ലത്‌ പഠിക്കാനും കേള്‍ക്കാനും വായിക്കാനും പ്രവര്‍ത്തിക്കാനും എന്റെ മടിയും അലസതയുമല്ലേ തടസ്സം?
18. രണ്ടു ലോകത്തും എനിക്ക്‌ തണലാകുന്ന അല്ലാഹുവിന്റെ മഹാഗ്രന്ഥം എന്റെ ജീവിതത്തിന്‌ മാര്‍ഗരേഖയാക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുന്നില്ലേ?
19. സ്വന്തത്തിനു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുന്നുണ്ടോ?
20. അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഒരുപാട്‌ ചെയ്യാമായിരുന്നിട്ടും ഞാന്‍ വല്ലതും ചെയ്‌തോ?
21. രോഗികളെ ഞാന്‍ എത്രയോ കണ്ടിട്ടുണ്ട്‌. ആരോഗ്യമാണ്‌ ഏറ്റവും വലിയ സൗഭാഗ്യമെന്ന്‌ അറിഞ്ഞിട്ടും എന്റെ  സമയവും ആരോഗ്യവും വെറുതെ കളഞ്ഞില്ലേ?
22. പ്രാര്‍ഥനയുടെ മഹാശക്തി അറിഞ്ഞിട്ടും പ്രാര്‍ഥിക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
23. നല്ല പെരുമാറ്റം കൊണ്ട്‌ വിജയത്തിലെത്താം. എന്റെ പെരുമാറ്റത്തിലെ പോരായ്‌മകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ടോ?
24. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്‌തനാകേണ്ടയാളാണ്‌ ഞാന്‍. പക്ഷേ, പലപ്പോഴും പതറിപ്പോയില്ലേ?
25. വേദനകള്‍ സ്വര്‍ഗം തരുമെന്ന്‌ ഓര്‍ക്കാതെ പോയില്ലേ?
26. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാതിരുന്നുവോ?
27. ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്നത്‌ അഭിമാനമായി കാണുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?
28. തിന്മകളുടെ കുത്തൊഴുക്കില്‍, പലപ്പോഴും ഞാനും കൂടെ ഒഴുകുന്നില്ലേ?
29. ആത്മവിമര്‍ശനത്തില്‍ നിന്ന്‌ ഞാന്‍ ഒഴിഞ്ഞുമാറുന്നുണ്ടോ? 



കടപ്പാട് : ശബാബ് വാരിക