Sunday, 27 March 2011

ഇണ; ഇഷ്‌ടമുള്ള തുണ

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.

ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള്‍ മറന്നു. കുറച്ചുനേരം കഴിഞ്ഞ്‌ ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച്‌ അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച്‌ ആശുപത്രിയിലേക്കോടി. വിദഗ്‌ധ ചികിത്സ തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിയപ്പോഴേക്ക്‌ ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട്‌ ചുവന്ന മുഖമാണ്‌ ആ ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്‌ അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?
അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച്‌ അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇത്‌ കേട്ടപ്പോള്‍ അവള്‍ കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്‍. മറിച്ച്‌, ഭര്‍ത്താവിന്റെ നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****
സ്‌നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക്‌ തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്‌ ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്‍ ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്‌മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****
കേരളത്തിലെ പ്രശസ്‌തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്‌തകമാണ്‌. ഡോക്‌ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്‌നേഹത്തിന്റെ പാഠപുസ്‌തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.
കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്‌ടറുടെ അടുത്തെത്തി. വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷം രോഗം ഗുരുതരമാണെന്ന്‌ വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്‌ വേണ്ടത്‌. പക്ഷേ, ആ കുടുംബത്തിന്‌ ചെലവ്‌ താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്‌ തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ്‌ ഡോക്‌ടറെത്തേടിയെത്തി. മുമ്പ്‌ വന്ന ആ യുവതിയുടെ ഭര്‍ത്താവാണയാള്‍. ഗള്‍ഫില്‍ നിന്ന്‌ വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:
``ഡോക്‌ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട്‌ ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്‍പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്‌ അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്‌ ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്‌ എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''

തിരിച്ചുപോയ അയാള്‍ ഡോക്‌ടറുടെ അക്കൗണ്ടിലേക്ക്‌ പണമയച്ചുകൊണ്ടിരുന്നു. വിദഗ്‌ധ ചികിത്സകള്‍ക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
ഇത്രയും എ ഴുതിയ ശേഷം ഡോക്‌ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന്‌ എനിക്ക്‌ മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട്‌ ഈ അനുഭവങ്ങളില്‍.

ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന്‌ കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്‌ സുഖവും ശക്തിയും.
 
Source: Shabab Weekly

Tuesday, 15 March 2011

സ്‌ത്രീ-പുരുഷ നെറ്റ്‌ സൗഹൃദങ്ങള്‍ അനിസ്‌ലാമികമല്ലേ?

ഇന്നു ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളാണല്ലോ ഫെയ്‌സ്‌ബുക്ക്‌, ഓര്‍ക്കുട്ട്‌ തുടങ്ങിയവ. ഇത്തരം സൗഹാര്‍ദ കൂട്ടായ്‌മകളില്‍ ധാരാളം സ്‌ത്രീ-പുരുഷന്മാര്‍ ബന്ധം സ്ഥാപിക്കുന്നുണ്ട്‌. വളരെ ആത്മാര്‍ഥമായുള്ള തുറന്ന ആരോഗ്യകരമായ സ്‌ത്രീ-പുരുഷ സൗഹൃദങ്ങള്‍ ഇത്തരം സൈറ്റുകളിലൂടെ ഉണ്ടാവുന്നുണ്ട്‌. അന്യസ്‌ത്രീ-പുരുഷന്മാര്‍ ഉണ്ടാക്കുന്ന ഇത്തരം സൗഹൃദങ്ങള്‍ മതവിരുദ്ധമല്ലേ?


ഒരു സ്‌ത്രീ അന്യപുരുഷനോടോ, പുരുഷന്‍ അന്യസ്‌ത്രീയോടോ യാതൊന്നും സംസാരിക്കാനോ, കത്തിടപാട്‌ നടത്താനോ പാടില്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. സംഭാഷണത്തിന്റെ വികസിത രൂപമാണല്ലോ നെറ്റ്‌ചാറ്റിംഗ്‌. കത്തിടപാടിന്റെ ഡിജിറ്റല്‍ വികാസമാണ്‌ ഫെയ്‌സ്‌ബുക്ക്‌ മുതലായവ. സംഭാഷണവും കത്തെഴുത്തും ഹറാമായ കാര്യങ്ങളല്ലെങ്കിലും നിഷിദ്ധമായ പലതിലേക്കും വഴുതിപ്പോകാനുള്ള സാധ്യത ഒഴിവാക്കേണ്ടത്‌ ഇസ്‌ലാമികമായ ബാധ്യതയാകുന്നു. `നിങ്ങള്‍ വ്യഭിചരിക്കരുത്‌' എന്നു മാത്രമല്ല `നിങ്ങള്‍ വ്യഭിചാരത്തോട്‌ അടുക്കരുത്‌' എന്നു കൂടി അല്ലാഹു (വി.ഖു 17:32) വിലക്കിയിട്ടുണ്ട്‌.

പ്രവാചകപത്‌നിമാരോട്‌ അല്ലാഹു അനുശാസിച്ചത്‌ ഇപ്രകാരമാകുന്നു: ``പ്രവാചക പത്‌നിമാരേ, സ്‌ത്രീകളില്‍ മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. ധര്‍മനിഷ്‌ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക'' (വി.ഖു 33:32). ഈ സൂക്തത്തിലെ മാര്‍ഗനിര്‍ദേശം സാധാരണ സംഭാഷണത്തിന്‌ മാത്രമല്ല ആശയവിനിമയത്തിന്റെ ആധുനികരീതികള്‍ക്ക്‌ കൂടെ ബാധകമാകുന്നു. അതായത്‌ തികച്ചും ന്യായമായ ആവശ്യത്തിന്‌ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്താം. എന്നാല്‍ മോശമായ പരിണതികളിലേക്ക്‌ അത്‌ നയിക്കാന്‍ ഇടയാകരുത്‌.

`വളരെ ആത്മാര്‍ഥതയുള്ള തുറന്ന ആരോഗ്യകരമായ സ്‌ത്രീപുരുഷ സൗഹൃദങ്ങള്‍' എന്നത്‌ മോഹിപ്പിക്കുന്ന ഭംഗിവാക്ക്‌ മാത്രമാണ്‌. `ആഗോള വല'യില്‍ സൈറ്റുകള്‍ സ്ഥാപിച്ചു പതിയിരിക്കുന്ന സൗഹൃദ വേഷക്കാരാല്‍ പിഴപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്‌തവര്‍ക്ക്‌ കയ്യും കണക്കുമില്ല എന്ന യാഥാര്‍ഥ്യം മാധ്യമ നിരീക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്‌. സ്‌ത്രീകള്‍ മാത്രമല്ല ലക്ഷക്കണക്കില്‍ പുരുഷന്മാരും നെറ്റിലൂടെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഒരു സത്യവിശ്വാസിക്ക്‌ ദ്രോഹപദ്ധതികള്‍ ഉണ്ടാകാന്‍ പാടില്ല എന്നതുപോലെത്തന്നെ പ്രധാനമാണ്‌ ഇതരരുടെ ദ്രോഹപദ്ധതികളുടെ ഇരയാകാതിരിക്കാന്‍ അയാള്‍ ജാഗ്രത പുലര്‍ത്തണം എന്നതും.

Sunday, 13 March 2011

എന്തിനാണ് നമസ്കരിച്ചത് ?

അബ്‌ദുല്‍വദൂദ്‌
 
മഹാപണ്ഡിതന്‍ ഹാതിമുല്‍ അസ്വമ്മിനോട്‌, ഒരാള്‍ അദ്ദേഹത്തിന്റെ നമസ്‌കാരത്തെക്കുറിച്ചന്വേഷിച്ചു. മനോഹരമായ ആ മറുപടി ഇങ്ങനെയായിരുന്നു: ``നമസ്‌കാരത്തിന്‌ സമയമായാല്‍ പൂര്‍ണമായി വുദുവെടുത്ത്‌ നമസ്‌കാര സ്ഥലത്ത്‌ ഞാനെത്തും. അവിടെ എത്തിയാല്‍ മനസ്സും അവയവങ്ങളും ശാന്തമാകുന്നതു വരെ അല്‌പനേരം കാത്തുനില്‌ക്കും. ശേഷം നമസ്‌കാരത്തിനായി ഒരുങ്ങും. അന്നേരം, അങ്ങകലെയുള്ള കഅ്‌ബാ എന്റെ കണ്‍പുരികങ്ങള്‍ക്കിടയില്‍ വന്നുനില്‌ക്കുന്നതു പോലെ എനിക്കു തോന്നും. സ്വര്‍ഗം എന്റെ വലതുഭാഗത്തും നരകം ഇടത്തുമുള്ളതു പോലെ സങ്കല്‌പിക്കും. നരകത്തിനു മീതെയുള്ള പാലത്തിലാണ്‌ എന്റെ പാദങ്ങള്‍ എന്ന അവസ്ഥയിലായിരിക്കും മനസ്സ്‌. മരണത്തിന്റെ മാലാഖ എന്റെ പിന്നാമ്പുറത്തുള്ളതുപോലെ മനക്കണ്ണില്‍ ഭയം തിളയ്‌ക്കും. എന്റെ ജീവിതത്തിലെ അവസാന നമസ്‌കാരമാണിതെന്ന്‌ എനിക്കു തോന്നും. ഭയവും പ്രതീക്ഷയും നിറയും. എന്റെ നമസ്‌കാരങ്ങള്‍ അല്ലാഹു സ്വീകരിക്കുമോ എന്ന ആധിയായിരിക്കും പിന്നീട്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍, വാള്യം 1, പേജ്‌ 151)

സര്‍വലോക പരിപാലകനായ അല്ലാഹുവോടുള്ള ആത്മഭാഷണമാണ്‌ നമസ്‌കാരം. ഹൃദയം നൊന്തുപിടയുന്ന പാപിയുടെ പശ്ചാത്താപമാണ്‌ നമസ്‌കാരത്തിന്റെ ആന്തര ചൈതന്യം. ഉള്ളും പുറവും ഭക്തികൊണ്ട്‌ കഴുകിത്തുടയ്‌ക്കുന്ന ഏതാനും നിമിഷങ്ങള്‍ ജീവിത മേഖലകളിലേക്കാകെ വെളിച്ചമായി നിറയണം. ഈമാനിന്റെ ഇന്ധനം ശേഖരിച്ച്‌ കൂടുതല്‍ തെളിച്ചമുള്ള സത്യവിശ്വാസിയായി സ്വയം പുതുക്കാനുള്ള സന്ദര്‍ഭമായിരിക്കണം നമസ്‌കാരങ്ങള്‍. അങ്ങനെയല്ലാത്ത നമസ്‌കാരങ്ങളെക്കുറിച്ച്‌ തിരുനബി(സ) പറഞ്ഞതു കൂടി നാം കേള്‍ക്കണം: ``കറുത്തിരുണ്ട നിലയില്‍ ആകാശത്തേക്ക്‌ അത്‌ ഉയര്‍ത്തപ്പെടും. ആകാശ കവാടങ്ങള്‍ അതിനു വേണ്ടി തുറക്കപ്പെടുകയില്ല. പഴന്തുണി ചുരുട്ടിയെറിയുന്നതു പോലെ നമസ്‌കാരക്കാരന്റെ മുഖത്തേക്ക്‌ ആ നമസ്‌കാരത്തെ തിരിച്ചെറിയും'' (മജ്‌മഉസ്സവാഇദ്‌ 2:122)

നോക്കൂ, ഇരുപത്തിനാല്‌ മണിക്കൂറാണ്‌ ഒരു ദിവസം. നമസ്‌കാരങ്ങളുടെ സമയം ഇരുപത്തിനാല്‌ മിനുട്ടില്‍ ഒതുങ്ങും. അല്ലാഹുവിനെ ഓര്‍മിക്കാനും ആ ഓര്‍മ നിലനിര്‍ത്താനുമാണ്‌ നമസ്‌കാരങ്ങള്‍. അപ്പോളത്‌ ഇരുപത്തി നാല്‌ മിനുട്ടില്‍ ഒതുങ്ങുന്നതാണോ? അല്ല. ദിവസം മുഴുവനും ആ ഓര്‍മ നമ്മില്‍ തുടരണം. അതിനാവശ്യമായ സംഭരണ കേന്ദ്രമാണ്‌ നമസ്‌കാരങ്ങള്‍.

``ഞാന്‍ നമസ്‌കരിക്കുന്നതു കണ്ട പ്രകാരം നിങ്ങളും നമസ്‌കരിക്കുക'' എന്നാണല്ലോ തിരുനബി(സ)യുടെ കല്‌പന. എന്താണീ കല്‌പനയുടെ പൊരുള്‍? തിരുനബി നിര്‍വഹിച്ച അതേ രീതിയില്‍ കൈകെട്ടുകയും പ്രാര്‍ഥനകള്‍ ചൊല്ലുകയും ചെയ്യുക എന്നു മാത്രമാണോ? ആകരുത്‌. പിന്നെയോ? അവിടുന്ന്‌ നിര്‍വഹിച്ച അതേ തഖ്‌വയോടെ നമസ്‌കരിക്കുക എന്നുകൂടി അപ്പറഞ്ഞതിന്‌ അര്‍ഥമില്ലേ?

എങ്ങനെയായിരുന്നു തിരുനബി(സ)യുടെ നമസ്‌കാരങ്ങള്‍? ആഇശ(റ) പറയുന്നു: ``ആ നമസ്‌കാരങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും ദൈര്‍ഘ്യത്തെപ്പറ്റിയും എന്നോട്‌ ചോദിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നമസ്‌കാര സമയമായാല്‍ സന്തോഷം കൊണ്ട്‌ അവിടുത്തെ മുഖം വിടരും. ബാങ്കുകാരനായ ബിലാലിനോട്‌, `ബിലാല്‍ ഞങ്ങള്‍ക്ക്‌ ആനന്ദം പകരൂ, ആനന്ദം പകരൂ' എന്ന്‌ പറഞ്ഞുകൊണ്ടിരിക്കും. അടുപ്പത്ത്‌ വെച്ച പാത്രം തിളയ്‌ക്കുന്നതു പോലെ- തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടായിരുന്നു തിരുനബിയുടെ നമസ്‌കാരം.''

നബി(സ) നമസ്‌കരിക്കുന്നത്‌ കഅ്‌ബയില്‍ വെച്ചു കണ്ട നിമിഷം മുതലാണ്‌ തന്റെ മനസ്സിളകിയതെന്ന്‌ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌. ``ലഹരി ബാധിതരായി നമസ്‌കരിക്കരുത്‌'' എന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്‌. കാരണമെന്താ? പറയുന്നതെന്താണെന്ന്‌ മനസ്സിലാക്കാന്‍ ലഹരി ബാധിച്ചവര്‍ക്ക്‌ കഴിയില്ല. അങ്ങനെയെങ്കില്‍ പറയുന്നവ ഉള്‍ക്കൊള്ളാതെ ലഹരി ബാധിക്കാത്തവര്‍ നമസ്‌കരിച്ചാലും അത്‌ നിഷ്‌ഫലമാകില്ലേ?

``നമസ്‌കരിക്കുന്നവര്‍ക്ക്‌ നാശം'' എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്‌. കൃത്യമായി പള്ളിയിലെത്തി നമസ്‌കരിച്ച്‌ വീട്ടില്‍ തിരിച്ചെത്തിയ ചിലരെക്കുറിച്ചല്ലേ ഇപ്പറഞ്ഞത്‌? അവര്‍ ചെയ്‌ത തെറ്റെന്താണ്‌? സമയം തെറ്റാതെ നമസ്‌കരിക്കാന്‍ പോവുകയും മടങ്ങുകയും ചെയ്യുകയല്ലാതെ, ചുറ്റുഭാഗത്തേക്ക്‌ അവര്‍ തിരിഞ്ഞുനോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ അനാഥയെ കാണാമായിരുന്നു. സഹായമാവശ്യമുള്ള ദരിദ്രരെ കാണാമായിരുന്നു. ഉപകാരം ചെയ്യാനുള്ള അവസരങ്ങള്‍ കാണാമായിരുന്നു.

ഇനി നമ്മള്‍ ചിന്തിക്കുക- ആരെക്കുറിച്ചാണ്‌ ഇപ്പറഞ്ഞത്‌, ഉപയോഗിക്കാതെ ഉപേക്ഷിച്ച മരുന്നുകള്‍ നമ്മുടെ വീട്ടിനകത്ത്‌ എത്രയധികമുണ്ട്‌!~രസം തികയാതെ വേണ്ടെന്നുവെച്ച വസ്‌ത്രങ്ങള്‍ എത്രയുണ്ട്‌! ധൂര്‍ത്തിനും ദുരാഗ്രഹങ്ങള്‍ക്കും ചെലവഴിച്ച പണമെത്ര! -കടം കൊണ്ടും സങ്കടങ്ങള്‍ കൊണ്ടും നെഞ്ചുപൊട്ടുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ അയല്‍പക്കത്തുണ്ടെന്ന്‌ അറിഞ്ഞിട്ടും കണ്ണടച്ച്‌, കൃത്യമായി നമസ്‌കരിച്ച്‌ സലാംവീട്ടിയവര്‍ നമ്മള്‍ തന്നെയല്ലേ?

നെഞ്ചില്‍ കൈ കെട്ടുന്നതാണ്‌ നബിചര്യ. അങ്ങനെ മാത്രമേ അതു പാടുള്ളൂ. പക്ഷേ, എങ്ങനെയുള്ള നെഞ്ചിലാണ്‌ കൈ കെട്ടേണ്ടത്‌? അസൂയയും പകയും അഹങ്കാരവും നിറച്ചുവെച്ച നെഞ്ചിനു മുകളില്‍ കൈകെട്ടിയതുകൊണ്ട്‌ എന്താണ്‌ ഫലം? അതെല്ലാം തൂത്തൂ തൂത്തു കളഞ്ഞ്‌ ഹൃദയത്തിനു മുകളില്‍ കൈതൊട്ട്‌ അല്ലാഹുവോട്‌ ആത്മഭാഷണം നടത്താന്‍ നമുക്ക്‌ കഴിയുന്നുണ്ടോ?

തിന്മകളില്‍ നിന്നകലാനും നന്മകളിലേക്ക്‌ അടുക്കാനും പ്രേരിപ്പിക്കുന്നതാകണം നമസ്‌കാരം. അതാണ്‌ അല്ലാഹു നിര്‍ദേശിച്ച നമസ്‌കാരം. നമസ്‌കരിക്കുന്നതിന്റെ മുമ്പ്‌ അതിന്റെ സമയത്തെക്കുറിച്ച ചിന്തയും നമസ്‌കരിക്കുമ്പോള്‍ അതിലെ ആത്മാര്‍ഥതയെ കുറിച്ച ഭക്തിയും നമസ്‌കാര ശേഷം ജീവിതത്തിലുണ്ടാകേണ്ട സദ്‌ഗുണങ്ങളുമാണ്‌ നമ്മില്‍ കാണേണ്ടത്‌. തിരുനബി(സ) പറഞ്ഞു: ``നിങ്ങള്‍ നമസ്‌കാരത്തിന്‌ ഒരുങ്ങിയാല്‍ നാഥനുമായി ആത്മഭാഷണത്തിനു വേണ്ടിയാണ്‌ യഥാര്‍ഥത്തില്‍ ഒരുങ്ങുന്നത്‌. അതിനാല്‍ എങ്ങനെയാണ്‌ ആത്മഭാഷണം നടത്തുന്നതെന്ന്‌ ഓരോരുത്തരും ആലോചിക്കട്ടെ.'' (ഇബ്‌നുഖുസൈമ 1:241)
നമുക്ക്‌ പ്രിയപ്പെട്ടവരോട്‌ എത്ര നേരവും നാം സംസാരിച്ചുകൊണ്ടിരിക്കും. പക്ഷേ, നമ്മുടെ നമസ്‌കാരങ്ങള്‍ വേഗം തീര്‍ന്നുപോകുന്നു! 

കടപ്പാട്: ശബാബ് വാരിക