Tuesday, 1 April 2014

വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ ....!

മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌!!! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.
വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..
ഒരു സ്വഹാബിയെപ്പറ്റി അദ്ദേഹം സ്വര്‍ഗത്തിലാണെന്ന്‌ തിരുനബി പറഞ്ഞു. മറ്റു സ്വഹാബികളെല്ലാം അദ്ദേഹത്തിന്‍റെ ചുറ്റുംകൂടി അതിന്‍റെ കാരണമന്വേഷിച്ചു. ആ സ്വഹാബി ഇത്രമാത്രം പറഞ്ഞു: എന്‍റെ മനസ്സില്‍ ആരോടും പകയില്ല. ഒരാളോടും ദേഷ്യമോ വെറുപ്പോ ഇല്ലാതെയാണ്‌ ഞാനുറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും.”
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.
എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. “നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌” എന്ന്‌ തിരുനബി പഠിപ്പിച്ചിട്ടുണ്ട്‌. രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും. അങ്ങനെയാണ്‌ പലരെയും നാം തിരിച്ചറിയാതെ പോയത്‌. തിരുത്താനാവാത്ത പിഴവായി അത്തരം നഷ്‌ടങ്ങള്‍ നമ്മെ വേട്ടയാടും.
‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌. രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌. അച്ഛന്‌ കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു. പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌! ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌. ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌. ഇരുമ്പുകൊമ്പി കൊണ്ട്‌ മകന്‍ കാറിയില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു: ‘I love my pappa’
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല. എന്നാൽ സ്‌നേഹം കൊണ്ട്‌ പലതും നേടാൻ കഴിയും.

Courtesy: P M A Gafoor (അദ്ദേഹത്തിന്റെ രചനകളിൽ നിന്നും എടുത്തത്)

Monday, 24 March 2014

അഴിയുന്ന ബന്ധങ്ങള്‍ അനാഥമാകുന്ന സമൂഹം ...

ഇണങ്ങാനും ഇടപഴകാനുമുള്ള ശേഷി മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്നും വ്യതിരിക്തനാക്കുന്നുണ്ട്‌. മനുഷ്യന്‍ എന്നര്‍ഥം നല്‍കുന്ന ഇന്‍സാന്‍ എന്ന അറബി പദം അനിസ, ഉന്‍സ്‌ എന്ന ഇണങ്ങി, ഇണക്കം പദങ്ങളില്‍ നിന്ന്‌ നിഷ്‌പദിച്ചതാണെന്ന അഭിപ്രായം ഇതിനെ ബലപ്പെടുത്തുന്നു. മറ്റു ജന്തുക്കളുടെ പരിചിതലോകം വളരെ പരിമിതമാണ്‌. അവയുടെ ജീവിതചക്രത്തില്‍ വിശാലമായ ബന്ധങ്ങള്‍ക്ക്‌ പ്രസക്തിയില്ല. എന്നാല്‍ മനുഷ്യന്‌ ജീവിതം മനനത്തിലൂടെ രൂപപ്പെടുത്തേണ്ടതിനാല്‍ തന്റെ ചുറ്റുപാടുമുള്ള ഒരുപാട്‌ വ്യക്തികളും വസ്‌തുക്കളും വസ്‌തുതകളുമായി ബന്ധപ്പെടുകയും ഇണങ്ങുകയും ചെയ്യേണ്ടതുണ്ട്‌. രക്തബന്ധം, വിവാഹം, സൗഹൃദം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക ബന്ധങ്ങളെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോഴാണ്‌ മാനവികത നിലനില്‍ക്കുന്നത്‌.
പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു മനുഷ്യനു നല്‌കിയ മഹത്തായ അനുഗ്രഹമാണ്‌ ബന്ധബോധമെന്നും അത്‌ അല്ലാഹുവിന്റെ ഏകത്വവും ശക്തിവിശേഷണങ്ങളും കണ്ടറിയാനുള്ള ദൃഷ്‌ടാന്തമാണെന്നും വിശുദ്ധ ഖുര്‍ആന്‍ 25:54ല്‍ വിശദീകരിക്കുന്നുണ്ട്‌. അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്‌ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്‌തിരിക്കുന്നത്‌. ദിവ്യഗ്രന്ഥങ്ങളുടെ അവസാന പതിപ്പായ വിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല, മുന്‍ കഴിഞ്ഞ ദൈവിക ഗ്രന്ഥങ്ങളെല്ലാം തന്നെ കുടുംബ- സാമൂഹ്യ ബന്ധങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌. മതദര്‍ശനങ്ങളുടെ അധ്യാപനവും പ്രകൃതിയുടെ സ്വഛതയുമായ ഈ ബന്ധുത്വത്തെ ഏറെ പരിഗണിച്ചതും പരിപാലിച്ചതുമാണ്‌ മനുഷ്യചരിത്രം. പൂര്‍വ നാഗരികതകളെ സംബന്ധിച്ച്‌ മനുഷ്യന്‍ നടത്തിയ പഠനങ്ങളിലെല്ലാം ഇത്‌ വ്യക്തമാകുന്നുണ്ട്‌.
ശുഐബ്‌ നബിയുടെ പ്രബോധനം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതിരുന്ന ജനത അദ്ദേഹത്തെ നശിപ്പിക്കാതിരിക്കുന്നത്‌ അദ്ദേഹത്തിന്റെ കുടുംബത്തെ ഭയപ്പെടുന്നതുകൊണ്ടാണ്‌ എന്ന്‌ ഖുര്‍ആന്‍ 11:91ല്‍ പറയുന്നു. അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന്‌ അധികഭാഗവും ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങള്‍ കാണുന്നത്‌. നിന്റെ കുടുംബങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.
സര്‍വ തിന്മകളുടെയും കളപ്പുരയായിരുന്നു മുഹമ്മദ്‌ നബി(സ) ജനിക്കുമ്പോള്‍ മക്കയുള്‍ക്കൊള്ളുന്ന ഹിജാസ്‌ പ്രവിശ്യ. പക്ഷേ, കുടുംബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ അനിതരമാതൃകയാണ്‌ അവര്‍ കാഴ്‌ചവെച്ചത്‌. തങ്ങള്‍ക്ക്‌ ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ആദര്‍ശവുമായി നില്‍ക്കുന്ന മുഹമ്മദെന്ന മനുഷ്യനു വേണ്ടി അബ്‌ദുമനാഫ്‌ കുടുംബം സഹിച്ച ത്യാഗം ലോകോത്തരമല്ലേ. ഒരു വ്യക്തിക്കു വേണ്ടി നീണ്ട മൂന്നു സംവത്സരങ്ങളാണ്‌ സാമൂഹികഭ്രഷ്‌ട്‌ ഏറ്റുവാങ്ങി പട്ടിണിയും കഷ്‌ടപ്പാടുമായി ഒരു കുന്നിന്‍ചെരുവില്‍ അവര്‍ കഴിഞ്ഞുകൂടിയത്‌. കച്ചവടം, വിവാഹം പോലുള്ള പൊതുവേദികളില്‍ നിന്നെല്ലാം അവര്‍ അകറ്റപ്പെട്ടു. ആഹാരം കിട്ടാതെ ചെടികളുടെ ഇലകള്‍ പോലും ഭക്ഷിക്കേണ്ടി വന്നു. അവസാനം സമൂഹം നിശ്ചയിച്ച ബഹിഷ്‌കരണം പിന്‍വലിക്കുന്നതും മഹത്തായ സാമൂഹികബോധത്തില്‍ നിന്നായിരുന്നു എന്നത്‌ മറ്റൊരു വൈചിത്ര്യം.
ഇതത്രയും ചരിത്രത്തിന്റെ മനോഹര ഗൃഹാതുര സ്‌മരണകള്‍. എങ്കില്‍ പുതിയ കാലത്തെ മനുഷ്യനെ എങ്ങനെ വിലയിരുത്തണം. പുരോഗതിയുടെ പുരപ്പുറത്താണെന്ന മേനിക്കപ്പുറം മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതില്‍ അവര്‍ തറയ്‌ക്കും താഴെയാണെന്നതാണ്‌ അനുഭവം. സുഖം എന്ന മതത്തിലും ദേഹേച്ഛയെന്ന ദൈവത്തിലും മാത്രം വിശ്വസിക്കുന്ന അവന്‌ മാതാപിതാക്കളും മക്കളും ഇണകളും സഹോദരങ്ങളും അയല്‍ക്കാരുമെല്ലാം എത്രയും പെട്ടെന്ന്‌ നിര്‍മാര്‍ജനം ചെയ്യേണ്ട അധിക ബാധ്യതകളാണ്‌.
കണക്ഷനുകള്‍ ഏറെയുണ്ട്‌. ഏറ്റവും പ്രധാനം കേബിള്‍ കണക്ഷനാണ്‌. കേബിള്‍ കണക്ഷനും ഇന്ന്‌ കേബിള്‍ലെസ്‌ ആണ്‌. മൊത്തത്തില്‍ വയര്‍ലെസ്‌ ജനറേഷനാണ്‌. ഇന്ന്‌ പൊക്കിള്‍ മുതല്‍ എല്ലാ വയറുകളെയും നിഷേധിക്കുകയോ വിസ്‌മരിക്കുകയോ ചെയ്യുന്നു. വാഹനം എത്തുന്നിടം വരെ, ഫോണ്‍ കവറേജ്‌ ഏരിയ വരെയെങ്കിലും ബന്ധങ്ങളെ ഗൗനിക്കാന്‍ ഇന്നലെയുടെ സന്തതി ശ്രമിച്ചുവെങ്കില്‍ ഇന്നിന്റെ പുതുതാരം ബന്ധങ്ങളെ സൈബര്‍ ലോകത്തെ മുഖപ്പുസ്‌തകങ്ങളിലും ചാറ്റിങ്‌ സൈറ്റുകളിലും മരീചികയാക്കിക്കഴിഞ്ഞു. ജൈവമുഖത്തു നോക്കി പുഞ്ചിരിക്കാനോ തൊലി തൊട്ടു അഭിവാദ്യം ചെയ്യാനോ പോലും ഇവര്‍ക്ക്‌ മനസ്സില്ല. പരിചയമില്ല, ആവശ്യബോധവുമില്ല. ടച്‌പാഡുകളിലും മൈക്രോ-ഇയര്‍ ഫോണിലും സ്‌പര്‍ശിച്ചും ദര്‍ശിച്ചും സംവദിച്ചും ലൈക്കും ഷെയറുമായി ബന്ധങ്ങളുടെ സീമാതീതലോകം തുറക്കുമ്പോഴും തമ്മില്‍ കണ്ടും കേട്ടും തൊട്ടും അറിയാവുന്നവര്‍ ഇല്ലെന്നു വരികയാണോ?
മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, മക്കള്‍, സഹോദരങ്ങള്‍, കുടുംബക്കാര്‍, കൂട്ടുകാര്‍, അയല്‍ക്കാര്‍, നാട്ടുകാര്‍, പരിചയക്കാര്‍... സ്‌നേഹബന്ധങ്ങള്‍ക്ക്‌ എന്തെല്ലാം വിളിപ്പേരുണ്ടായിരുന്നു. ഇന്ന്‌ വിപണി വത്‌കൃത ലോകത്ത്‌ ഉപഭോക്താവും വില്‍പനക്കാരനുമെന്ന ബന്ധദ്വയം മാത്രം. ``സ്‌നേഹത്തിന്‍ ബന്ധവും തൂക്കിനോക്കുന്നതു നാണയത്തുട്ടുകളാണുപോലും'' ``എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍.'' മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ബാധ്യതയായി ചുമത്താന്‍ നിയമനിര്‍മാണം നടത്തേണ്ട ഗതികേട്‌. മക്കളുടെ സുരക്ഷയ്‌ക്ക്‌ അവകാശ നിയമം, വൃദ്ധനും വികലാംഗനും ഇരിപ്പിടം കിട്ടാന്‍ റിസര്‍വേഷന്‍, പാവപ്പെട്ടവന്‌ മകളെ കെട്ടിക്കാനും രോഗചികിത്സ നടത്താനും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കാരുണ്യ, മംഗല്യപ്പേരുകളില്‍ ലോട്ടറിയെന്ന ചൂത്‌, അഗതികളെയും അനാഥകളെയും സംരക്ഷിക്കാന്‍ വ്യവസായഭീമന്മാരുടെ നികുതിവെട്ടിപ്പ്‌ ട്രസ്റ്റുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആള്‍ദൈവങ്ങളുടെ ദുരൂഹസമ്പാദ്യങ്ങള്‍... ഈ വളര്‍ച്ച അപമാനവീകരണത്തിലേക്കാണ്‌.
പണം ജീവിതലക്ഷ്യമായ സമൂഹത്തിന്‌ ഇങ്ങനെയൊക്കെ മാത്രമേ പരിഹാരം നിര്‍ദേശിക്കാനാവൂ. മനുഷ്യന്‍ കണ്ടെത്തുന്ന പുതുസംവിധാനങ്ങളും ഈ ധാര്‍മികതിരിച്ചൊഴുക്കിന്‌ വേഗം കൂട്ടുന്നവയാണ്‌. കുടുംബ-സാമൂഹിക ബന്ധവിച്ഛേദനത്തിന്‌ മനുഷ്യനെ പ്രേരിപ്പിക്കുന്നതില്‍ പുതുതലമുറ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. സിനിമകള്‍, സീരിയലുകള്‍, കഥകള്‍, നോവലുകള്‍, കവിതകള്‍... എന്തിനേറെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പോലും മാനവികതക്കു മേല്‍ പണാധിപത്യത്തിന്റെ മേലൊപ്പു ചാര്‍ത്താന്‍ മത്സരിക്കുകയാണ്‌. വൃദ്ധമാതാപിതാക്കളെ എങ്ങനെ ഒഴിവാക്കിയെടുക്കാം, താന്‍ പെറ്റ പെണ്‍കുട്ടിയെ എങ്ങനെ പണമാക്കി മാറ്റാം, ഭാര്യയെ അന്യനു അനുവദിക്കാനുള്ള നിയമം എങ്ങനെ നിര്‍മിക്കാം, ഭര്‍ത്താവിനെ ചതിക്കാന്‍ എന്തെല്ലാം വഴികളാകാം എന്നിവയെല്ലാം മനോഹരമായി പഠിപ്പിക്കുകയാണ്‌ ഈ മാധ്യമങ്ങള്‍.
ഈ അധാര്‍മികതകളെ പ്രതിരോധിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക, ആരാണതിനു മുതിരുക, എന്താണ്‌ പരിഹാരം? വഴിവിട്ടു പോകുന്ന സാമൂഹിക ഘടനകളെ നോക്കി പരിതപിക്കാനും പിറുപിറുക്കാനുമല്ലാതെ നേരെ നിന്നു പ്രതികരിക്കാനോ പിന്തിരിപ്പിക്കാനോ ആര്‍ക്കും കെല്‍പില്ലാതാകുകയാണെന്നത്‌ ഭീതിദമാണ്‌. സനാതന മൂല്യങ്ങള്‍ക്കല്ലാതെ ഇവയ്‌ക്കു നേരെ നിവര്‍ന്നു നില്‍ക്കാന്‍ കഴിയില്ല. സമൂഹത്തെ നന്മയിലേക്കു വഴിനടത്തേണ്ട ഭരണാധികാരികള്‍ യഥാ പ്രജ തഥാ രാജ എന്ന പ്രമാണ പുനര്‍വായനയിലാണ്‌. പ്രായം തികഞ്ഞാല്‍ മതി ഏതു പെണ്ണിനും ഏതു പുരുഷനുമായി ലൈംഗിക ബന്ധമാകാമെന്നും സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും അവര്‍ നിരീക്ഷിക്കുന്നത്‌ ഈ നവപ്രമാണമവലംബിച്ചുകൊണ്ടാണ്‌. ഇതേ നടക്കൂ. ഭരണം തീരുമാനിക്കുന്നത്‌ വോട്ടു ശതമാനമാണ്‌. ജനാധിപത്യം വിജയിപ്പൂതാക. സാമൂഹിക തിന്മകള്‍ക്കു നേരെ ചൂണ്ടുവിരലുകളുയര്‍ത്താനും അരുതായ്‌മകളുടെ അടിവേരറുക്കാനും ചരിത്രം മുന്നില്‍ നിര്‍ത്തിയിരുന്ന യുവതക്കു വഴികാട്ടുന്ന അഭ്രപാളി താരങ്ങളും മൈതാന ദൈവങ്ങളും അമ്മയ്‌ക്കും അച്ഛനുമെതിരെ മാനനഷ്‌ടത്തിനു കേസു കൊടുക്കുന്നു. ഭാര്യക്കും മക്കള്‍ക്കുമെതിരെ കുടുംബകോടതി കയറുന്നു. മദ്യത്തിനും പലിശക്കും ചൂതിനും പരസ്യം കൊടുക്കുന്നു. ഇവരുടെ ഫാനുകള്‍ ഈ ഇരുട്ടിനെ തെളിച്ചമായി കരുതി വെളിച്ചം തല്ലിക്കെടുത്തുന്നു. ചൂണ്ടാണി കാണാതെ അന്ധതയില്‍ പെടുകയും ചൂണ്ടുവിരലില്ലാതെ, നട്ടെല്ലില്ലാതെ നിരര്‍ഥകതകളുടെ നീര്‍ക്കുമിളകളില്‍ നീരാടുകയുമാണ്‌ യുവത.
രക്ത-ദാമ്പത്യ- സാമൂഹിക ബന്ധങ്ങളെ മതങ്ങളെല്ലാം പവിത്രമായി കാണുമ്പോഴും അവ വിശുദ്ധ ഗ്രന്ഥങ്ങളുടെ ഏടുകളില്‍ മാത്രമായി ചുരുങ്ങാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനം ശരിയായ ദൈവബോധത്തിന്റെ അഭാവമാണ്‌. ജീവിതം ദൈവികപരീക്ഷണമായും മരണാനന്തരം വരാനിരിക്കുന്ന ദൈവകോടതിയില്‍ മനുഷ്യബന്ധങ്ങള്‍ കൃത്യമായ വിചാരണക്കും ശാശ്വതമായ രക്ഷാശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുമെന്നും ഉള്‍ക്കൊള്ളുന്നവര്‍ വളരെ വിരളമാണ്‌.
ഇസ്‌ലാം സാമൂഹിക ബന്ധങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം നല്‍കുന്നു. ബന്ധവിച്ഛേദകന്‍ ദൈവ ശാപത്തിനു വിധേയനാണെന്നും മോശം പര്യവസാനമാണ്‌ അവനുള്ളതെന്നുമാണ്‌ ഖുര്‍ആനിന്റെ അധ്യാപനം. (13:25). ദൈവകാരുണ്യത്തിന്റെ നേര്‍ പരിച്ഛേദമായ സ്വര്‍ഗം ബന്ധം മുറിക്കുന്നവന്‌ ലഭിക്കില്ലെന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) കണിശമായി പഠിപ്പിക്കുന്നുണ്ട്‌. രക്തബന്ധം മുറിക്കുന്നവന്‍ താനുമായി ബന്ധം മുറിച്ചവനാണെന്ന്‌ അല്ലാഹു പറയുന്നു. ഇതില്‍ മാതാപിതാക്കളുമായുള്ള ബന്ധത്തിന്‌ അതിമഹത്തായ സ്ഥാനമാണുള്ളത്‌. ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന കല്‍പനയോടു ചേര്‍ത്താണ്‌ ആ ബന്ധത്തെ പരാമര്‍ശിക്കുന്നത്‌. തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്ന്‌ പറയുകയോ അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.'' (17:23,24).
മാതാപിതാക്കളോട്‌ വര്‍ത്തിക്കേണ്ടതെങ്ങനെയെന്നും മക്കളോട്‌ പെരുമാറേണ്ടതെങ്ങനെയെന്നും കൃത്യമായി വിവരിക്കുന്നുണ്ടീ വിശുദ്ധ വചനങ്ങള്‍. സ്‌നേഹവും കാരുണ്യവുമാണ്‌ ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അനിവാര്യമെന്ന്‌ ഇസ്‌ലാം പറയുന്നു. പരസ്‌പരം സ്‌നേഹിക്കുന്നതു വരെ വിശ്വാസികളാവുകയില്ലെന്നും സ്‌നേഹം ശീലിക്കാന്‍ സമാധാനത്തിന്റെ അഭിവാദ്യം ശീലമാക്കാനും മുഹമ്മദ്‌(സ) ഉപദേശിച്ചിട്ടുണ്ട്‌. മക്കളോട്‌ കരുണ കാണിക്കാത്തവര്‍ മുസ്‌ലിമല്ലെന്ന്‌ ഒരിക്കല്‍ നബി ഉണര്‍ത്തിയിട്ടുണ്ട്‌. ഉദ്യോഗത്തിന്റെയും വരുമാനത്തിന്റെയും പേരില്‍ മാതാപിതാക്കളുടെ ഈഗോ സംരക്ഷിക്കുന്നതിനായി മക്കള്‍ സഹിക്കേണ്ടിവരുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഈ നബിവചനങ്ങള്‍ക്ക്‌ കഴിയും.
കരുണയും സ്‌നേഹവും മക്കളില്‍ മാത്രമല്ല, എല്ലാ മനുഷ്യരിലും ജന്തുക്കളിലും പ്രകൃതിയിലും വിശിഷ്യാ തന്നെക്കാള്‍ താഴെയുള്ളവരിലെല്ലാം പ്രസരിപ്പിക്കാന്‍ ഇസ്‌ലാം വിശ്വാസിയെ നിര്‍ബന്ധിക്കുന്നു. ദൈവിക കരുണ യാചിക്കുന്ന അവനെ ദിവ്യകാരുണ്യ ലബ്‌ധിക്ക്‌ ഇത്‌ അനിവാര്യമാണെന്ന്‌ അറിയിക്കുന്നു. കരുണ കാണിക്കാത്തവന്‌ കരുണ ചെയ്യുകയില്ലെന്ന്‌ നബി(സ) താക്കീത്‌ നല്‍കുന്നുണ്ട്‌. പൂച്ചയോട്‌ ക്രൂരത കാണിച്ചവള്‍ക്ക്‌ നരകം ലഭിച്ചതും നായയെ ദാഹജലം നല്‍കി സഹായിച്ചവനെ സ്വര്‍ഗം നല്‍കി അനുഗ്രഹിച്ചതും നബി(സ) പഠിപ്പിച്ച കഥയാണ്‌. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്‌ക്കുന്നവന്‍ വിശ്വാസിയാകാന്‍ വിയര്‍ക്കേണ്ടിവരുമെന്ന്‌, തൊഴിലാളികള്‍ക്ക്‌ വിയര്‍പ്പ്‌ വറ്റും മുമ്പ്‌ കൂലി നല്‍കണമെന്ന്‌, താന്‍ ഇഷ്‌ടപ്പെടുന്നത്‌ തന്റെ സഹോദരന്‌ ഇഷ്‌ടപ്പെടാതെ വിശ്വാസം പൂര്‍ണമാകില്ലെന്ന്‌, വിധവയ്‌ക്കും അനാഥയ്‌ക്കും വേണ്ടി പണിയെടുക്കുന്നത്‌ ദൈവിക മാര്‍ഗത്തിലെ പുണ്യസമരമാണെന്ന്‌.... മാനവികതയെ വിശ്വാസവുമായി ബന്ധിപ്പിക്കുന്ന എത്ര അധ്യാപനങ്ങളാണ്‌ അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിച്ചത്‌.
പുതിയ സന്തതികളെ വേരറ്റവനും വേരറുക്കുന്നവനുമാക്കുന്നതില്‍ നവ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ടി വിയും ഇന്റര്‍നെറ്റും മറ്റും ബഹുമുഖ സമരമാണ്‌ ഈ മേഖലയില്‍ നിര്‍വഹിക്കുന്നത്‌. മനുഷ്യനില്‍ അസൂയയും ആര്‍ത്തിയും സൃഷ്‌ടിക്കുകയും പരോപകാരം പെരും നഷ്‌ടമാക്കി പെരുപ്പിച്ച്‌ കാണിക്കുകയും ചെയ്യുന്ന പരസ്യങ്ങളും പരിപാടികളുമാണ്‌ അവ സംപ്രേക്ഷണം ചെയ്യുന്നത്‌. ഈ കാഴ്‌ചകള്‍ പതിവാക്കുന്ന അനുവാചകനില്‍ ദൈവം സന്നിവേശിപ്പിച്ച നന്മയുടെ ഉറവകള്‍ വറ്റിപ്പോകുന്നു. ഇതിന്റെ മറുവശത്ത്‌ ടി വിക്കടിപ്പെടുന്ന പ്രേക്ഷകന്‍ ആ സമയത്ത്‌ തന്നെ ആരെങ്കിലും സന്ദര്‍ശിക്കുന്നതോ താന്‍ ആരെയെങ്കിലും സന്ദര്‍ശിക്കുന്നതു പോലും വെറുക്കുന്നു. തന്റെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള സമയമത്രയും ഈ പെട്ടിക്കു മുന്നില്‍ വിനയാന്വിതനായ വിദ്യാര്‍ഥിയായി സാകൂതം ചെലവഴിക്കുന്നു. അങ്ങനെ ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി കെട്ടിയവനെ കെട്ടിത്തൂക്കുന്ന, ഭര്‍തൃമാതാവിനെ ചിരവ കൊണ്ടടിക്കുന്ന നായികയും കെട്ടിയവളെ വെട്ടിനുറുക്കുന്ന, ഭാര്യാ സഹോദരിയെ പ്രാപിക്കുന്ന നായകനുമെല്ലാം പ്രേക്ഷക ജീവിതത്തില്‍ അനുകരിക്കപ്പെടുന്നു. പരസ്‌പരം സംസാരിക്കാനും സുഖദുഖങ്ങള്‍ പങ്കുവെക്കാനും കഴിയാതെ സ്വന്തം കമ്പ്യൂട്ടറിനും ടീവിക്കും മൊബൈല്‍ ഫോണിനുമിടയില്‍ ആസിനു ചുറ്റും കറങ്ങുന്ന കഴുതയെപ്പോലെ ഏതോ അബോധ മാസ്‌മരികതയില്‍ ലക്കു കെട്ടു പോകുന്നവന്‍ എല്ലാ ബന്ധങ്ങളെയും അറുത്തെറിഞ്ഞ്‌ ഒറ്റപ്പെടലിന്റെ തുരുത്തിനെ ഏദന്‍തോട്ടമായി പുല്‍കുമ്പോള്‍ ഇനിയും മാനവികത വറ്റിയിട്ടില്ലാത്തവര്‍ നിശ്ശബ്‌ദമാകരുത്‌.

Tuesday, 28 January 2014

മക്കളെ കയറൂരി വിടാതിരിക്കുക

താന്‍ അധ്വാനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുന്നതും, ജീവിക്കുന്നതുപോലും തന്റെ മക്കള്‍ക്കു വേണ്ടിയാണ്‌' എന്നാണ്‌ മിക്ക മനുഷ്യരുടെയും ചിന്താഗതി. ഇത്‌ ആത്മാര്‍ഥവും സത്യസന്ധവുമായ നിലപാടുതന്നെയാണ്‌. മക്കളെപ്പോറ്റുക എന്നത്‌ ജന്തുസഹജമായ വികാരമാണ്‌; മാനവികതയുടെ അടയാളവും. സസ്‌തനികള്‍ മുലയൂട്ടിയും അല്ലാത്തവ ചികഞ്ഞും പെറുക്കിയും ആഹാരം നല്‌കിയും കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഇത്‌ ജന്തുസഹജ വാസന. തൊണ്ണൂറു കഴിഞ്ഞ ഒരു വൃദ്ധന്‌ തന്റെ എഴുപതു കഴിഞ്ഞ മകനോ മകളോ തന്റെ കുട്ടി തന്നെയാണ്‌. ഇത്‌ ജന്തുസഹജമല്ല, മാനവികതയാണ്‌. മനുഷ്യന്‍ തന്റെ മക്കളെ `വളര്‍ത്തി'ക്കൊണ്ടുവരുന്നു. എങ്ങനെ? അതൊരു പ്രധാന വിഷയമാണ്‌. മനുഷ്യനോളം പഴക്കമുള്ള ഒരു സമ്പ്രദായം. മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതില്‍ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ആധുനിക വിജ്ഞാനീയങ്ങളില്‍ `പാരന്റിംഗ്‌' ഒരു പ്രധാന വിഷയമാണ്‌. മക്കളെപ്പോറ്റാന്‍ പഠിപ്പിക്കണോ?!
നവജാത ശിശുക്കളെ അമ്മ മുലയൂട്ടുന്നു. അച്ഛന്‍ വേണ്ട സംരക്ഷണം നല്‌കുന്നു. കുടുംബം മൊത്തം സഹകരിക്കുന്നു. പിന്നീട്‌ ശൈശവം, ബാല്യം, കൗമാരം എന്നീ പ്രകൃതിപരമായ അവസ്ഥകളുടെ വിവിധ ഘട്ടങ്ങളിലൂടെ കുഞ്ഞുങ്ങള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക്‌ പരിചരണം ആവശ്യമാണ്‌. സമീകൃതാഹാരത്തിലൂടെ ക്രമപ്രവൃദ്ധമായ ശാരീരിക പോഷണം നടക്കുന്നു. കളികളും വ്യായാമങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നു. വിദ്യാഭ്യാസത്തിലൂടെ അകക്കണ്ണ്‌ തുറക്കുന്നു. ഹൃദ്യമായ പെരുമാറ്റങ്ങളിലൂടെയും ഇടപഴകലിലൂടെയും അവരുടെ വ്യക്തിത്വം വികസിക്കുന്നു. മനുഷ്യന്റെ മാത്രം പ്രത്യേകതയായ കുടുംബവും ബന്ധങ്ങളും തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നു. ഇതിനൊക്കെ ഉപരിയായി ധര്‍മബോധവും സദാചാര മൂല്യങ്ങളും നല്‌കി അവരിലെ `യഥാര്‍ഥ മനുഷ്യന്‌' ഉയിരേകുന്നു. ഇങ്ങനെ ശരീരവും ബുദ്ധിയും മനസ്സും ആത്മാവും ഉള്ള ഒരു പൂര്‍ണ വ്യക്തിയായിത്തീരുന്ന കുട്ടി സമൂഹത്തിന്റെ അവിഭാജ്യഘടകമായ ഒരംഗം കൂടിയാണ്‌. ഇങ്ങനെ ഒരു മനുഷ്യനെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാവ്‌, പിതാവ്‌, കുടുംബങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്കെല്ലാം പ്രത്യേകം പങ്കുകളുണ്ട്‌. ആ കുട്ടി പ്രായപൂര്‍ത്തിയും വിവേകവും എത്തിച്ചേരുമ്പോള്‍ അവന്‍/ അവള്‍ സ്വതന്ത്ര മനുഷ്യനായി മറ്റൊരു കുടുംബത്തിന്റെ ആരംഭം കുറിക്കുന്നു; ദാമ്പത്യത്തിലൂടെ.
യഥാര്‍ഥ മാര്‍ഗത്തിലൂടെയുള്ള ഈ പോക്കിന്‌ ഏതെങ്കിലും തരത്തില്‍ ഭംഗം നേരിട്ടാല്‍ ആ കുട്ടിയുടെ വ്യക്തിത്വത്തെ അത്‌ ബാധിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ച്‌ ആവശ്യാനുസരണം ക്രമീകരിക്കുന്നതില്‍ ദത്തശ്രദ്ധരാകേണ്ടത്‌ മാതാപിതാക്കളാണ്‌. അതുകൊണ്ടുതന്നെ പാരന്റിംഗ്‌ അഥവാ മാതാപിതാക്കളുടെ ദൗത്യം നിര്‍വഹിക്കല്‍ വളരെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട കാര്യമാണ്‌. നമ്മുടെ `ഓമന'യെ നാം ലാളിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്‌: `ഇവന്‍/ഇവള്‍ നാളെ ഈ സമൂഹത്തിന്റെ `ഓമന'യായിത്തീരേണ്ടതുണ്ട്‌.' ഇതു പക്ഷേ, പലരും മറക്കുകയാണ്‌. ജീവിതസാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളുടെ നൈരന്തര്യവും ചിലര്‍ക്ക്‌ തടസ്സമാകാറുണ്ട്‌. അജ്ഞതയോ കാര്യബോധമില്ലായ്‌മയോ ആണ്‌ മറ്റു ചിലര്‍ക്ക്‌ പ്രശ്‌നം. അഹന്തയും സ്വാര്‍ഥതയും സാമ്പത്തിക സുസ്ഥിതിയും കാരണമായി സമൂഹത്തെ മറക്കുന്ന രക്ഷിതാക്കളും ഉണ്ട്‌. അലംഭാവവും അനാസ്ഥയും മൂലം അവസരം പാഴായിപ്പോകുന്നവരുമുണ്ട്‌. ഇതിന്റെയൊക്കെ ഫലം വളരുന്ന തലമുറയുടെ ദിശാഭ്രംശമാണ്‌.
പ്രകൃതിപരമായ ഇസ്‌ലാം മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഇളംതലമുറയെ എങ്ങനെ ബോധപൂര്‍വം കൈകാര്യം ചെയ്യാമെന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. മഹാനായ ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ ഇവ്വിഷയകമായ ഒരു ദര്‍ശനം വളരെ ചിന്തോദ്ദീപകമാണ്‌. ആദ്യത്തെ ഏഴു വര്‍ഷം നിങ്ങള്‍ മക്കളെ ലാളിക്കുക. അടുത്ത ഏഴുവര്‍ഷം അവര്‍ക്ക്‌ നിങ്ങള്‍ സംസ്‌കാരം പകര്‍ന്നുകൊടുക്കുക. അടുത്ത ഏഴു വര്‍ഷം നിങ്ങള്‍ അവരെ കൂട്ടുകാരാക്കുക. പിന്നീട്‌ നിങ്ങള്‍ക്കവരെ സ്വതന്ത്രരായി വിടാം.' നോക്കൂ എത്ര ഉന്നതമായ ദര്‍ശനം! കുട്ടിയുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നിലും മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്ന്‌ കാണിക്കുന്നതാണ്‌ ഈ ആശയം. എന്നാല്‍ ശരിയായ ധാരണയില്ലായ്‌മ മൂലം മക്കള്‍ വഴികേടിലാകുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
`എനിക്കേതായാലും പഠിക്കാന്‍ കഴിഞ്ഞില്ല. മക്കളെങ്കിലും പഠിച്ച്‌ ഉയരണം' എന്ന സാധാരണക്കാരന്റെ ചിന്ത സ്വാഭാവികം. പക്ഷേ, എന്തു പഠിക്കണം, എങ്ങനെ മുന്നോട്ടു പോകണം എന്നതിന്‌ അയാള്‍ക്ക്‌ `ഗൈഡന്‍സ്‌' വേണ്ടതുണ്ട്‌. `ഞാന്‍ കൊടുംപട്ടിണിയില്‍ വളര്‍ന്നു. എന്റെ മക്കള്‍ ദാരിദ്ര്യമറിയാതെ വളരണം.' ഈ ചിന്താഗതിയിലും ഉദ്ദേശ്യശുദ്ധിയുണ്ട്‌. പക്ഷേ, `ദാരിദ്ര്യമറിയാത്ത മക്കളു'ടെ പോക്ക്‌ പലപ്പോഴും എതിര്‍ദിശയിലാകാറുണ്ട്‌. മക്കളുടെ ആഗ്രഹങ്ങള്‍ എങ്ങനെയും പൂര്‍ത്തീകരിച്ചുകൊടുക്കുന്ന രക്ഷിതാക്കള്‍ ഇന്ന്‌ എമ്പാടുമുണ്ട്‌. ഇതു മൂന്നുംകൂടി കൂട്ടിയാല്‍ കിട്ടുന്ന ഉത്തരമെന്താണ്‌? വിദ്യ നേടിയ, ദാരിദ്ര്യമെന്തന്നറിയാത്ത, ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കപ്പെടുന്ന കൗമാരയൗവനങ്ങളാണ്‌ ഒരളവോളം ഇന്നത്തെ സമൂഹത്തിന്റെ `പ്രശ്‌നം' എന്ന്‌ തിരിച്ചറിയാന്‍ നേരമായിരിക്കുന്നു. കുട്ടികളുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചു കൊടുക്കുന്നത്‌ ബുദ്ധികേടാണ്‌. കുട്ടികളുടെ ആവശ്യങ്ങള്‍ കഴിവതും സാധിച്ചുകൊടുക്കുകയാണ്‌ വേണ്ടത്‌. ആഗ്രഹങ്ങള്‍ക്ക്‌ അതിരുണ്ടാവില്ല. അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്ക്‌ എതിരുമില്ലെങ്കില്‍ മനുഷ്യന്‍ അധപ്പതിക്കും തീര്‍ച്ച. ആവശ്യങ്ങളാണെങ്കിലോ? അത്‌ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ക്കാണറിയുക. ആ അറിവ്‌ വിവേകപൂര്‍വം കൈകാര്യം ചെയ്‌താല്‍ തലമുറകള്‍ നന്നാവും; തീര്‍ച്ച.
നഴ്‌സറി പ്രായം മുതല്‍ കുട്ടികള്‍ കമ്പോളത്തിനടിമകളാകുന്നു. ദൃശ്യമാധ്യമങ്ങളില്‍ നിത്യവും കാണുന്ന പരസ്യവസ്‌തുക്കള്‍ വേണമെന്ന്‌ വാശിപിടിക്കുന്നു. ആഗ്രഹങ്ങള്‍ക്ക്‌ എതിരു നില്‌ക്കാത്ത പണമുള്ളവന്‍ (ഇല്ലാത്തവനും) എല്ലാം വാങ്ങിക്കൊടുക്കുന്നു. കുട്ടികള്‍ മുതിരുന്നു. വിദ്യാലയങ്ങളില്‍ പോകാന്‍ `സമ്മാനം' വേണം. വിപണിയില്‍ കാണുന്ന പുതിയതെല്ലാം വാങ്ങുന്നു. സൗജന്യമായി ലഭിക്കുന്ന പാഠപുസ്‌തകങ്ങള്‍ക്ക്‌ ഒരു വിലയുമില്ല. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന്‌ ഒരു വിലക്കുമില്ല. പിതാക്കള്‍ വിദേശത്താണെങ്കില്‍ ഉമ്മയുടെ നിയന്ത്രണം എല്‍ പി സ്‌കൂളിനപ്പുറം പോകുന്നില്ല. യു പി സ്‌കൂളില്‍ നിന്നു തന്നെ മൊബൈല്‍, ഹൈസ്‌കൂളില്‍ ബൈക്ക്‌... ആഗ്രഹങ്ങള്‍ക്ക്‌ വിലക്കുകളില്ല. ബാല്യം പിന്നിടുന്നു. നിറഞ്ഞ കൗമാരം, ആഗ്രഹങ്ങള്‍ പറന്നുനടക്കുന്നു. `വിദേശ രക്ഷിതാവ'ണെങ്കില്‍ പണം ഇഷ്‌ടംപോലെ. കയറും കടിഞ്ഞാണുമില്ലാതെ കുട്ടികള്‍ വിഹരിക്കുന്നു. പോകുന്നതിനും വരുന്നതിനും ഒരു നിയന്ത്രണവുമില്ല. ഇടപഴകലിന്‌ പരിധികളില്ല. ഇടക്കിടെ ടൂര്‍. എവിടേക്കെന്നോ ആരുടെ കൂടെയെന്നോ രക്ഷിതാക്കള്‍ ചോദിക്കാറില്ല. പത്തുപതിനാറു വയസ്സാകുമ്പോഴേക്ക്‌ മാതാപിതാക്കളുടെ പിടിയില്‍ നിന്ന്‌ പൂര്‍ണമായി മുക്തമാകുന്നു. ഇത്തരം കുട്ടികള്‍ക്ക്‌ അരുതായ്‌മകളില്ല. കൗമാര`ത്രില്‍' എന്തിനും ധൈര്യം പകരുന്നു. ഇത്തരക്കാരെ കെണിയില്‍ വീഴ്‌ത്താന്‍ മദ്യലോബികള്‍, മയക്കുമരുന്ന്‌ റാക്കറ്റുകള്‍, കള്ളക്കടത്തിന്റെയും കുഴല്‍പ്പണത്തിന്റെയും ഏജന്റുമാര്‍ തുടങ്ങി നിരവധി ഏജന്‍സികള്‍ വലയും വിരിച്ചിരിക്കുന്നത്‌ വിദ്യാലയപ്പടിക്കല്‍!
ഇതെഴുതുമ്പോള്‍ മുന്നിലൊരു വാര്‍ത്തയുണ്ട്‌. `ആരുമറിയാതെ രാത്രി പുറത്തിറക്കിയ കാര്‍ ലോറിയിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. കാറിലുണ്ടായിരുന്ന ആറു വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌.' നിത്യവാര്‍ത്തകളായ ആയിരത്തിലൊരു സാമ്പിള്‍ മാത്രമാണിത്‌. പതിനേഴു വയസ്സായ ഒരു വിദ്യാര്‍ഥി പുലര്‍ച്ചെ മൂന്നര മണിക്ക്‌ കറങ്ങാനിറങ്ങിയപ്പോഴാണ്‌ സംഭവം. ഈ വാര്‍ത്തയുടെ ശീര്‍ഷകത്തില്‍ തന്നെ വിവേകികള്‍ക്ക്‌ എത്ര `സന്ദേശങ്ങള്‍' അടങ്ങിയിട്ടുണ്ട്‌! ഇത്തരം അനിയന്ത്രിതാവസ്ഥയിലേക്ക്‌ കുടുംബങ്ങള്‍ നീങ്ങിപ്പോകരുത്‌. മാതാപിതാക്കള്‍ മക്കളെ കയറൂരിവിട്ട്‌ അത്യാഹിതത്തിലേക്ക്‌ തള്ളിവിടരുത്‌. സ്വയംകൃത അനര്‍ഥങ്ങള്‍ക്കു ശേഷം ഖേദത്തിന്‌ ഫലമില്ല. മറിച്ച്‌ നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന്‌ പാഠം പഠിക്കുന്നതാണ്‌ വിവേകം.
ആദര്‍ശജീവിതം നയിക്കേണ്ട മുസ്‌ലിം സമൂഹം ഈ രംഗത്ത്‌ അതീവ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. ലാളനയും വാത്സല്യവും സ്‌നേഹവും പരിഗണനയും കൊടുത്തുകൊണ്ടു തന്നെ മക്കളെ വളര്‍ത്തണം. ശാസനയും ഉപദേശവും അതിന്റെ കൂടെയുണ്ടാവണം. ശിക്ഷയല്ല ശിക്ഷണമാണാവശ്യം. ആധുനിക മനശ്ശാസ്‌ത്രത്തിന്റെ കണ്ടെത്തല്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടിനെ തികച്ചും അനുകൂലമാണ്‌. അതായത്‌ കുട്ടികള്‍ക്ക്‌ ചൊല്ലിപ്പഠിക്കുന്നതിനെക്കാള്‍ കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരങ്ങള്‍ നല്‌കുകയാണ്‌ വേണ്ടത്‌. അവരുടെ മുന്നില്‍ ഉത്തമമാതൃകകള്‍ ഉണ്ടാവണം. മാതാപിതാക്കളും മുതിര്‍ന്നവരും മാതൃകയായിരിക്കണം. വീട്ടിനകത്ത്‌ നന്മയുടെ മാതൃകയും പുറത്തിറങ്ങാറാകുമ്പോള്‍ സംസ്‌കാരമുള്ള കൂട്ടായ്‌മകളില്‍ ചേരുകയും ചെയ്യാനിടയായാല്‍ പരിധി വിടാതിരിക്കാന്‍ അത്‌ സഹായകമായിത്തീരും. മതവിദ്യാഭ്യാസമെന്ന ഔപചാരിക പ്രക്രിയ പൂര്‍ത്തിയാക്കി, കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌ ഫ്രെയിം ചെയ്‌ത്‌ ചുമരില്‍ തൂക്കി നിര്‍വൃതിയടയുന്നതിനു പകരം പഠിച്ചത്‌ കാണാനും കണ്ടത്‌ പകര്‍ത്താനും കുട്ടികള്‍ക്ക്‌ അവസരമൊരുക്കണം. കുട്ടികള്‍ക്ക്‌ സ്‌നേഹവും സ്വാതന്ത്ര്യവും വേണം. പക്ഷേ, താന്‍ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയനല്ല എന്ന തോന്നല്‍ മക്കളില്‍ വളര്‍ന്നുകൂടാ. അസമയത്ത്‌ ടി വി ഓഫ്‌ ചെയ്യാന്‍ പറഞ്ഞതിന്‌, മൊബൈല്‍ വാങ്ങിക്കൊടുക്കാത്തതിന്‌ നാടുവിടുക, ബസ്‌സ്റ്റോപ്പില്‍ പരിചയപ്പെട്ടവരെ കല്യാണം കഴിക്കണമെന്ന്‌ വാശിപിടിക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു നിയന്ത്രണത്തിനും താന്‍ വിധേയനായിക്കൂടാ എന്ന കാഴ്‌പ്പാടില്‍ നിന്നുള്ളതാണ്‌. ഏഴുവയസ്സില്‍ നമസ്‌കാരം ശീലിപ്പിക്കാനും പത്തു വയസ്സായാല്‍ നിര്‍ബന്ധപൂര്‍വം പ്രേരിപ്പിക്കാനുമുള്ള പ്രവാചക നിര്‍ദേശങ്ങള്‍ തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ മഹത്തായ മാതൃകയാണ്‌. ഒറ്റ വാക്കില്‍ രക്ഷിതാക്കളോട്‌ പറയാനുള്ളത്‌ മക്കളെ കയറൂരി വിടാതിരിക്കുക എന്നു മാത്രമാണ്‌