Wednesday, 23 November 2011

പെണ്‍ മക്കളെ കൂടുതല്‍ സ്നേഹിക്കുക.


ലോകത്തെ പ്രഥമ നിയമവ്യവസ്ഥ യുണ്ടാക്കിയത് ബാബിലോണിയയിലെ ആദ്യകാല രാജാക്കന്മാരില്‍ ഒരാളായ ഹമൂറാബിയാണെന്ന് പറയപ്പെടുന്നു. ആ പ്രഥമ നിയമവ്യവസ്ഥയില്‍പോലും സ്ത്രീ ജന്മം മ്ലേച്ചമായി ദര്‍ശിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്റെ മുമ്പ് ചില ഗോത്രങ്ങള്‍ പെണ്‍കുട്ടികളുടെ ജനനത്തെ നിഷേധിച്ചിരുന്നു. ഗര്‍ഭ പാത്രത്തില്‍ വെച്ച് ശിശു ആണോ പെണ്ണോ എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കൊന്നൊടുക്കി അവളുടെ ജന്മാവകാശത്തെ പോലും അവര്‍ ഹനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആ സംഭവത്തെ വിവരിക്കുന്നത് കാണുക : "അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്തിരുണ്ടതാകുന്നു. അവന്‍ കോപം നിറഞ്ഞവനുമാണ്. അവനോടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിന്റെ മ്ലേച്ചതയാല്‍ (അപമാനം ഭയന്ന്) ജനങ്ങളില്‍ നിന്നവന്‍ മറയുന്നു. അപമാനം സഹിച്ചു (കൊല്ലാതെ) അതിനെ ജീവിക്കുവാന്‍ അനുവദിക്കണോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണോ (എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു). അറിയുവിന്‍, അവരുടെ വിധി എത്ര ചീത്ത!" [നഹ്ല്‍ 58 ,59] 

 പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ)ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചു. ഒരു പുരുഷപിതാവാകാനുള്ള ഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കിയില്ല. "മുഹമ്മദ്‌ നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല" [അഹ്സാബ് 41]. പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം]. "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്. 

മുഹമ്മദ്‌ നബി (സ) ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം]. ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബി (സ) ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല. 

 നബി (സ) പറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്," [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ] 

 നബി (സ) പറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം]

Saturday, 12 November 2011

ആര്‍ക്കും നല്‍കാവുന്ന ഒരു സമ്മാനം


അബ്‌ദുല്‍വദൂദ്‌

അപൂര്‍വമായൊരു സമ്മാനം ഭര്‍ത്താവിന്‌ നല്‌കിയ ഭാര്യയുടെ കഥയുണ്ട്‌. കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിക്കുന്നയാളായിരുന്നു ആ ഭര്‍ത്താവ്‌. എല്ലാ ദുസ്സ്വഭാവങ്ങളും അയാള്‍ക്കുണ്ട്‌. പ്രിയതമക്ക്‌ പ്രിയങ്കരമായതൊന്നും അയാളില്‍ നിന്ന്‌ ലഭിക്കാറില്ല. സങ്കടം മാത്രമാണ്‌ ലഭിക്കുന്നതെങ്കിലും അവളുടെ മനസ്സിലെ സ്‌നേഹം മാഞ്ഞില്ല.
ഭര്‍ത്താവിന്റെ ജന്മദിനം വരാനിരിക്കുന്നു. വിശിഷ്‌ടമായ ഒരു സമ്മാനം പ്രിയതമന്‌ നല്‌കാനായിരുന്നു അവളുടെ തീരുമാനം. ധാരാളം ദുസ്സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തില്‍ കണ്ട നല്ല ഗുണങ്ങളെ അവളോര്‍ത്തു. ജന്മദിനമെത്താന്‍ ഒരു മാസം ഇനിയുമുണ്ട്‌. ഓരോ ദിവസവും ഭര്‍ത്താവിന്റെ ഓരോ നല്ല ഗുണം പേപ്പറിലെഴുതി ഒരു ചില്ലുഭരണിയിലിട്ടു. മാസം പൂര്‍ത്തിയായപ്പോള്‍ ഭരണിയില്‍ മുപ്പത്‌ പേപ്പറുകള്‍! നിറഞ്ഞ പുഞ്ചിരിയോടെ തിളങ്ങുന്ന മുഖത്തോടെ പ്രിയതമന്‌ ആ ഹൃദയസമ്മാനം അവള്‍ നല്‌കി.
അപൂര്‍വമായ സമ്മാനപ്പൊതി ആശ്ചര്യത്തോടെ തുറന്ന അയാള്‍ ഓരോ കടലാസുകഷ്‌ണവും വായിച്ചു. എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ആ ഭര്‍ത്താവിന്‌. തിന്മ വേണ്ടുവോളം ഉണ്ടായിട്ടും തന്നിലെ നന്മകളെ കാണാന്‍ ശ്രമിച്ച ആ പ്രിയങ്കരിയോടുള്ള പ്രണയവും വാത്സല്യവുമായിരുന്നു ആ മനസ്സില്‍ കവിഞ്ഞത്‌. തന്റെ ദുസ്സ്വഭാവങ്ങളോരോന്നും അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു. പുതിയൊരു വ്യക്തിയാകാനുള്ള തീരുമാനത്തിലേക്കാണ്‌ ആ സമ്മാനപ്പൊതി അയാളെ കൊണ്ടെത്തിച്ചത്‌. സന്തോഷനിര്‍ഭരമായ പുത്തന്‍ ജീവിതം അവള്‍ക്കും കിട്ടി.
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എങ്ങനെയാണ്‌ ഇഴപിരിയാത്ത ഹൃദയബന്ധങ്ങളാവുന്നത്‌ എന്നതിന്‌ നല്ലൊരു പാഠമാണ്‌ ഈ ഭാര്യ കണ്ടെത്തിയ സമ്മാനം. കുറേ ബന്ധങ്ങളുടെ നടുവിലാണ്‌ നമ്മുടെയൊക്കെ ജീവിതം. നമ്മോട്‌ ബന്ധമുള്ള ഓരോ വ്യക്തിയും ഗുണങ്ങളും പോരായ്‌മകളുമുള്ളവരാണ്‌. ആ പോരായ്‌മകളോടെയാണ്‌ നാമവരെ ജീവിതത്തിലേക്ക്‌ സ്വീകരിക്കുന്നത്‌. പോരായ്‌മകള്‍ വേണ്ടുവോളമുള്ള നമ്മെ മറ്റുള്ളവരും സ്വീകരിക്കുന്നു. കൂടുതല്‍ ശരിയായ ജീവിതത്തിലേക്ക്‌ വഴികാണിക്കാനുള്ള ശ്രമങ്ങള്‍ ഓരോരുത്തരുടെയും ചുമതലയാണ്‌. ഇണകള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ മാതൃകയാക്കാവുന്ന മികച്ച രീതിയാണ്‌ മുകളിലെ കഥയിലെ ഭാര്യയുടേത്‌.
ഉച്ചത്തിലുള്ള ഉപദേശങ്ങളേക്കാള്‍ ഫലപ്രദമാകുന്നത്‌ നിശബ്‌ദമായ ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും. അഥവാ, ഇതാണ്‌ യഥാര്‍ഥത്തില്‍ ഉപദേശത്തിന്റെ രീതിയാകേണ്ടത്‌. തിരുനബി(സ)യുടെ മാതൃക അങ്ങനെയാണ്‌. തിരുനബിയോട്‌ വാക്കുപാലിക്കാത്ത ഒരാളെയും അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിരുന്നില്ല. നിരവധി വര്‍ഷങ്ങള്‍ കൂടെ സഹവസിച്ച അനസി(റ)നോട്‌ ഒരിക്കല്‍ പോലും പരിഭവിച്ചില്ല. നിര്‍ദേശിച്ച പ്രകാരം ചെയ്‌തില്ലെങ്കില്‍ അക്കാരണത്താല്‍ മുഖം കനപ്പിച്ചില്ല. പക്ഷേ, ആ നിശബ്‌ദതയായിരുന്നു അവിടുത്തെ ഏറ്റവും വലിയ താക്കീത്‌. ഒരു കൊച്ചു കുഞ്ഞിന്റെ നന്മ പോലും എടുത്തുപറഞ്ഞ്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മുന്‍കോപം കൊണ്ട്‌ ആര്‌ എന്തു ചെയ്‌താലും അസാധാരണ ക്ഷമയോടെ അതിനെ നേരിടും.
ഖലീഫ ഉമറി(റ)ന്റെ പ്രശസ്‌തമായൊരു ഉപദേശമുണ്ട്‌: ``നിങ്ങളിലൊരാള്‍ക്ക്‌ തെറ്റു പറ്റിയാല്‍ അയാളെ ആ തെറ്റില്‍ നിന്നും പിടിച്ചെഴുന്നേല്‌പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ ശ്രദ്ധിക്കേണ്ടത്‌. ചെയ്‌ത തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപ വികാരം ഉണരാനും അല്ലാഹു അയാള്‍ക്ക്‌ പൊറുത്തുകൊടുക്കാനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക.'' (ശുഅബുല്‍ ഈമാന്‍ 6690)
നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ ഡെയ്‌ല്‍ കാര്‍ഗിനി എന്ന പ്രശസ്‌ത മനശ്ശാസ്‌ത്രജ്ഞന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്‌:
  • ആരോട്‌ നിങ്ങള്‍ ഇടപെടുന്നുവോ ആ വ്യക്തിയുടെ നന്മയില്‍ ആത്മാര്‍ഥമായി വിശ്വസിക്കുക.
  • പുഞ്ചിരിയുള്ള മുഖമുണ്ടാവുക. നമ്മുടെ പുഞ്ചിരിയും പ്രസന്നതയും കൃത്രിമമല്ലെന്ന്‌ ഉറപ്പാക്കുക.
  • എല്ലാവരുടെയും പേര്‌ ഓര്‍മിക്കുക. ഏതൊരാളും ഏറ്റവും ഇഷ്‌ടപ്പെടുന്നത്‌ സ്വന്തം പേരാണ്‌.
  • പറയുന്നതിലേറെ കേള്‍ക്കുക. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ പറയാന്‍ പ്രോത്സാഹിപ്പിക്കുക. തങ്ങളെ ശ്രദ്ധിക്കുന്ന കാതുകള്‍ എല്ലാവരും ഇഷ്‌ടപ്പെടുന്നു.
  • ആരും നിസ്സാരന്മാരല്ല എന്ന്‌ മനസ്സിലുറപ്പിക്കുക.
``ഇനി നിങ്ങള്‍ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അനിഷ്‌ടമുള്ളതിലും അല്ലാഹു നിരവധി നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടാകാം'' (4:19) എന്ന ഖുര്‍ആന്‍ വചനം ഇവ്വിഷയത്തില്‍ ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശമാണ്‌. ഇണകള്‍ക്കായി പറഞ്ഞതെങ്കിലും സകല ബന്ധങ്ങളിലും ഈ സാരോപദേശം പ്രസക്തമാണ്‌. റോസാച്ചെടിയിലെ മുള്ളുകളെ നോക്കി മുഖം കനപ്പിക്കാനും അതിന്നു മുകളിലെ പൂവിനെ കണ്ട്‌ മുഖം തുടിക്കാനും കഴിയുന്ന പോലെ ഓരോ ബന്ധത്തിലും നമുക്ക്‌ സാധിക്കും. സ്വന്തത്തെ നന്നാക്കേണ്ട ബാധ്യതയോളം വേറെയാരെ നന്നാക്കാനും നമുക്ക്‌ ബാധ്യതയില്ല.

Tuesday, 1 November 2011

ഉപദേശം എളുപ്പമാണ്‌; എന്നാല്‍...


ഇമാം ഗസ്സാലി /വിവ. മുഹമ്മദ്‌ ശമീം ഉമരി
ഒരാള്‍ ഇമാം ഗസ്സാലിയുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഒത്തിരി വര്‍ഷം വിദ്യയഭ്യസിച്ച്‌ ഒരുപാട്‌ വിജ്ഞാനങ്ങള്‍ നേടി;വലിയ പണ്ഡിതനായി പുറത്തിറങ്ങി. എന്നാല്‍ അതിനു ശേഷം അയാള്‍ ചിന്തിച്ചു. ഞാന്‍ പലതരം ശാസ്‌ത്രങ്ങള്‍ പഠിച്ചുയൗവനകാലം മുഴുവന്‍ അവ സമ്പാദിക്കുന്നതില്‍ ചെലവഴിച്ചു. എന്നാലിപ്പോള്‍ എനിക്കറിയണം: ഏത്‌ വിജ്ഞാനമാണ്‌ നാളെ പരലോകത്ത്‌ ഉപകാരപ്പെടുകഖബ്‌റില്‍ തുണയാവുകഏതു വിജ്ഞാനം ഉപകാരപ്പെടില്ല. അത്തരം വിജ്ഞാനം ഉപേക്ഷിക്കാമല്ലോ. കാരണം നബി(സ) പ്രാര്‍ഥിച്ചിട്ടുണ്ട്‌: അല്ലാഹുവേഉപകാരമില്ലാത്ത വിജ്ഞാനത്തില്‍ നിന്ന്‌ നിന്നോട്‌ ഞാന്‍ ശരണം തേടുന്നു.
ഈ ചിന്ത അയാളെ കുറേകാലം അലട്ടി. ഒടുവില്‍ അയാള്‍ ഇതേപ്പറ്റി ഇമാം ഗസ്സാലിക്ക്‌ എഴുതി,സംശയനിവാരണവും ഉപദേശവും പ്രാര്‍ഥനയും ആവശ്യപ്പെട്ടുകൊണ്ട്‌. അയാള്‍ തുടര്‍ന്നു: ``ശൈഖിന്റെ ഇഹ്‌യാ ഉലൂമിദ്ദീനിലും മറ്റു കൃതികളിലും എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി ഉണ്ടായിരിക്കാം. എങ്കിലും എന്റെ ആഗ്രഹമിതാണ്‌. എന്റെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള ഒരു മറുപടി അങ്ങ്‌ എനിക്കെഴുതണം. ഇന്‍ശാ അല്ലാഹ്‌അത്‌ ഞാനെന്റെ ആയുഷ്‌ക്കാലം മുഴുവനും സൂക്ഷിക്കുംഅതനുസരിച്ച്‌ ജീവിക്കും.''
അയാള്‍ക്ക്‌ മറുപടിയായി ഇമാം ഗസ്സാലി എഴുതിയ കത്തിന്റെ ചില ഭാഗമാണ്‌ താഴെ ഉദ്ധരിക്കുന്നത്‌:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
പ്രിയപ്പെട്ട മകനേ,
അല്ലാഹു നിന്നെ അവന്റെ ആജ്ഞാനുവര്‍ത്തിയായി ദീര്‍ഘകാലം ജീവിപ്പിക്കട്ടെഅവന്റെ ഇഷ്‌ടദാസന്മാരുടെ മാര്‍ഗത്തില്‍ നയിക്കട്ടെ. നിന്നെ ഉപദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടല്ലോ. അല്ലാഹുവിന്റെ റസൂലില്‍ നിന്നാണ്‌ ഉപദേശം സ്വീകരിക്കേണ്ടത്‌. അവിടുന്ന്‌ നിനക്കത്‌ കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ എന്റെ ഉപദേശത്തിന്റെ ആവശ്യമെന്ത്‌?കിട്ടിയിട്ടില്ലെങ്കില്‍ ഒരു കാര്യം എനിക്കറിയണംഒരുപാട്‌ വര്‍ഷം നീ വിദ്യാഭ്യാസം ചെയ്‌തല്ലോ. എന്നിട്ടെന്ത്‌ നേടി?
അല്ലാഹുവിന്റെ റസൂല്‍ സമുദായത്തിന്‌ നല്‍കിയ ഒരുപദേശമിതാണ്‌: ഒരാള്‍ അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ സമയം കളയുന്നുവെന്നത്‌ അയാളോട്‌ അല്ലാഹു കോപിച്ചിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്‌. മനുഷ്യന്‍ ഏതൊരു ലക്ഷ്യത്തിന്നായി സൃഷ്‌ടിക്കപ്പെട്ടുവോ അതിനുവേണ്ടിയല്ലാതെ സമയം ചെലവഴിച്ചാല്‍ പിന്നീടയാള്‍ ഏറെ ഖേദിക്കേണ്ടിവരും. നാല്‌പത്‌ വയസ്സ്‌ കഴിഞ്ഞിട്ടും ഒരാള്‍ ചെയ്യുന്ന നന്മ തിന്മയെക്കാള്‍ അധികമായില്ലെങ്കില്‍ അയാള്‍ നരകപ്രവേശത്തിന്‌ തയ്യാറായിക്കൊള്ളട്ടെ -വിവരമുള്ളവര്‍ക്ക്‌ ഈ ഉപദേശം തന്നെ ധാരാളം മതി.
ഉപദേശിക്കുക എളുപ്പമാണ്‌. പ്രാവര്‍ത്തികമാക്കുകയാണ്‌ പ്രയാസം. അറിവ്‌ നേടിയ ശേഷം അതനുസരിച്ച്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരിക്കില്ല. അതാണ്‌ പ്രവാചകന്‍ അരുളിയത്‌: ഖിയാമത്ത്‌ നാളില്‍ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുക താന്‍ നേടിയ അറിവ്‌ തനിക്ക്‌ ഉപകാരപ്പെടാത്ത അറിവാളിയായിരിക്കും.
ഒരാള്‍ മരുഭൂമിയില്‍ എത്തിപ്പെടുന്നു. കൈവശം പത്ത്‌ നല്ല വാളുകളും മറ്റു ആയുധങ്ങളുമുണ്ട്‌. ആള്‍ ധീരനും ശൂരനുമാണ്‌. പെട്ടെന്നതാഒരു ഭയങ്കരസിംഹം ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ ആ ആയുധങ്ങള്‍ സ്വയം സിംഹത്തിന്റെ ആക്രണം തടയുമെന്ന്‌ നീ വിചാരിക്കുന്നോഅവ അയാള്‍ പ്രയോഗിക്കാതെ. ഇല്ലെന്ന്‌ തീര്‍ച്ച. പനി പിടിപെട്ടവന്‍ അത്‌ സുഖമാവണമെങ്കില്‍ അതിന്റെ മരുന്ന്‌ കഴിക്കുക തന്നെ വേണം. ഒരു കവി പാടി:
രണ്ടായിരം മദ്യം തൂക്കിയാലും നീ
ഉന്മത്തനാകില്ലഅത്‌ സേവിച്ചില്ലെങ്കില്‍.
പ്രവൃത്തിയില്ലെങ്കില്‍നൂറുവര്‍ഷം വിജ്ഞാനം നേടിയതുകൊണ്ടോ ആയിരം ഗ്രന്ഥങ്ങള്‍ ശേഖരിച്ചതുകൊണ്ടോ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹനാവുകയില്ല. അതാണ്‌ അല്ലാഹു അരുള്‍ ചെയ്‌തത്‌: ``മനുഷ്യന്‌ അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം മാത്രമേ ലഭിക്കുകയുള്ളൂ.'' (വി.ഖു 53:39). നബി(സ) അരുളി: `അഞ്ചു കര്യങ്ങളിലാണ്‌ ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാഹുവല്ലാതെ യഥാര്‍ഥ ദൈവമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും പ്രഖ്യാപിക്കുകനമസ്‌കാരം നിലനിര്‍ത്തുകസകാത്ത്‌നോമ്പ്‌കഴിവുള്ളവര്‍ ഹജ്ജ്‌ നിര്‍വഹിക്കുക.''ഈമാന്‍ (സത്യവിശ്വാസം) ശരിയാവണമെങ്കില്‍ മൂന്നു കാര്യം അത്യാവശ്യം: നാവുകൊണ്ട്‌ മൊഴിയണം,മനസ്സുകൊണ്ട്‌ അംഗീകരിക്കണംഅവയവങ്ങള്‍കൊണ്ട്‌ പ്രവര്‍ത്തിക്കണം.
ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതിനും പാഠങ്ങള്‍ ആവര്‍ത്തിച്ചുപഠിക്കുന്നതിനും വേണ്ടി എത്രയെത്ര രാവുകള്‍ നീ ഉറക്കമിളച്ചു! ഇതിനൊക്കെ നിന്നെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ എനിക്കറിയില്ല. ദുന്‍യാവാണെങ്കില്‍ നിന്റെ സ്ഥിതി കഷ്‌ടം തന്നെ! നബി(സ)യുടെ ശരീഅത്ത്‌ പുനരുജ്ജീവിപ്പിക്കുകസ്വഭാവം സംസ്‌കരിക്കുക എന്നിവയാണ്‌ പ്രേരകമെങ്കില്‍ നിനക്ക്‌ അഭിവാദ്യം! കവി പാടിയത്‌ എത്ര സത്യം:
കണ്ണുകള്‍ ഉറക്കമിളക്കുന്നത്‌ നിനക്ക്‌
വേണ്ടിയല്ലെങ്കില്‍ അനാവശ്യം
അവയുടെ വിലാപം നിന്റെതല്ലാത്ത
അകല്‍ച്ചക്കാണെങ്കില്‍ അര്‍ഥശൂന്യം
ഈസാ നബി പറഞ്ഞതായി ഇന്‍ജീലിലുണ്ട്‌: മയ്യിത്തിനെ മഞ്ചത്തില്‍ കിടത്തിയതു മുതല്‍ ഖബ്‌റിന്റെ വക്കില്‍ വെയ്‌ക്കുന്നതു വരെയുള്ള സമയത്ത്‌ അതിനോട്‌ അല്ലാഹു നാല്‌പത്‌ ചോദ്യംചോദിക്കും. അവയില്‍ ആദ്യത്തെത്‌ ഇതായിരിക്കും: എന്റെ ദാസാമനുഷ്യര്‍ കാണുന്ന നിന്റെ ശരീരത്തിലെ ഭാഗങ്ങളൊക്കെ നീ വളരെ വൃത്തിയായി വെച്ചു. എന്നാല്‍ ഞാന്‍ ശ്രദ്ധിക്കുന്ന നിന്നിലെ ഭാഗം ഇത്തിരി സമയം പോലും വെടിപ്പായി വെച്ചില്ലല്ലോ! അല്ലാഹു സദാ നോക്കിക്കൊണ്ടിരിക്കുന്നത്‌ നിന്റെ മനസ്സിനെ. അവന്‍ പറയും: നീ മറ്റുള്ളവര്‍ക്കു വേണ്ടി എന്തിന്‌ പ്രവര്‍ത്തിക്കുന്നുനീയാകട്ടെഎന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ മൂടപ്പെട്ടവന്‍!
നീ ഇന്ന്‌ കര്‍മങ്ങള്‍ ചെയ്‌ത്‌ പാപങ്ങള്‍ ചെയ്‌ത്‌ പാഴാക്കിയ കഴിഞ്ഞ കാലം വീണ്ടെടുത്തില്ലെങ്കില്‍ ഖിയാമത്ത്‌ നാളില്‍, നീ താണുകേണപേക്ഷിക്കും: `എന്നെ ഒന്ന്‌ ദുന്‍യാവിലേക്ക്‌ തിരിച്ചയക്കണേഎങ്കില്‍ ഞാന്‍ നന്മകള്‍ ചെയ്‌തുകൊള്ളാമേ'. അപ്പോള്‍ മറുപടി ലഭിക്കും: `വിഡ്‌ഢീ നീ അവിടുന്നല്ലേ വന്നത്‌!'
ഹസന്‍ അല്‍ബസ്വരിക്ക്‌ കുടിക്കാന്‍ തണുത്ത വെള്ളം കൊണ്ടുവന്നു. അത്‌ കുടിക്കാനായി കൈയിലെടുത്തപ്പോള്‍ മോഹാലസ്യപ്പെടുകയും കോപ്പ കൈയില്‍ നിന്ന്‌ വീഴുകയും ചെയ്‌തു. ബോധം വീണുകിട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: `ഞങ്ങള്‍ക്ക്‌ അല്‍പം വെള്ളം തരണേ. അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ആഹാരത്തില്‍ നിന്ന്‌ ഇത്തിരി തരണേഎന്ന്‌ നരകവാസികള്‍ സ്വര്‍ഗവാസികളോട്‌ താണുകേണപേക്ഷിക്കുമ്പോള്‍ നരകവാസികള്‍ക്കുണ്ടാവുന്ന ആക്രാന്തത്തെക്കുറിച്ച്‌ ഞാനോര്‍ത്തുപോയി.
ലുഖ്‌മാനുല്‍ഹകീം മകന്‌ നല്‍കിയ ഉപദേശങ്ങളില്‍ ഇതുമുണ്ട്‌: `മോനേകോഴി നിന്നെക്കാള്‍ ബുദ്ധിയുള്ളതാകരുത്‌. അതായത്‌ അത്‌ രാത്രിയുടെ അന്ത്യയാമങ്ങളിലാണ്‌ കൂവുകആ സമയത്ത്‌ നീ നിദ്രയിലായിരിക്കുക.'
അല്ലാഹുവിനുള്ള ത്വാഅതും (അനുസരണവും) ഇബാദത്തും (ആരാധനയും) എന്താണെന്ന്‌ അറിയുകയാണ്‌ വിജ്ഞാനത്തിന്റെ ചുരുക്കം. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ വാചാകര്‍മണാ പാലിച്ച്‌ ജീവിക്കുന്നതാണ്‌ ത്വാഅത്തും ഇബാദത്തും. അതായത്‌ നീ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നതുമെല്ലാം ശറഇന്‌ (ഇസ്‌ലാമിക നിയമത്തിന്‌) അനുസരിച്ചായിരിക്കണം. ഉദാഹരണമായി പെരുന്നാളില്‍ നീ നോമ്പ്‌ പിടിച്ചാല്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചവനാകും. അപഹരിച്ചെടുത്ത വസ്‌ത്രത്തില്‍ നമസ്‌കരിച്ചാല്‍ കുറ്റക്കാരനാകും -ആ കര്‍മങ്ങള്‍ക്ക്‌ ഇബാദത്തിന്റെ രൂപമാണെങ്കിലും.
ശറഇനെ പിന്‍പറ്റാത്ത വാക്കും പ്രവൃത്തിയും അപഥസഞ്ചാരമാണ്‌. സുപരിചിത രീതിയില്‍ നിന്ന്‌ അകന്നുകൊണ്ടുള്ള വ്യാജസ്വൂഫികളുടെ സംസാരത്തിലും പ്രവൃത്തിയിലുംമനുഷ്യപ്രകൃതിക്ക്‌ ദഹിക്കാത്ത അവരുടെ വലിയ വലിയ വര്‍ത്തമാനങ്ങളിലും നീ കുടുങ്ങിപ്പോകരുതേ'. ആത്മസംസ്‌കരണത്തിലൂടെയും കടുത്ത പരിശീലനത്തിന്റെ ഖഡ്‌ഗംകൊണ്ട്‌ ദേഹേച്ഛയെ വെട്ടിയും അതിന്റെ ആസക്തി നിയന്ത്രിച്ചുമാണ്‌ സ്വൂഫിസത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കേണ്ടത്‌. അല്ലാതെ മനുഷ്യപ്രകൃതിക്ക്‌ ഇണങ്ങാത്ത വലിയ വലിയ വാക്കുകളും അസംബന്ധ കാര്യങ്ങളും കൊണ്ടല്ല.
യഥാര്‍ഥ സ്വൂഫിയില്‍ രണ്ട്‌ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഇസ്‌തിഖാമ അഥവാ സ്വയംനന്നാവല്‍. മറ്റുള്ളവരോട്‌ നല്ല നിലയില്‍ വര്‍ത്തിക്കും. സ്വന്തം നന്മയ്‌ക്കു വേണ്ടി തന്നിഷ്‌ടം ത്യജിക്കുക എന്നതാണ്‌ ഇസ്‌തിഖാമയുടെ അര്‍ഥം. ജനങ്ങളോട്‌ സല്‍സ്വഭാവത്തോടെ പെരുമാറുക എന്നാല്‍ തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരാന്‍ അവരെ നിര്‍ബന്ധിക്കാതിരിക്കുകയും മതനിയമങ്ങള്‍ക്ക്‌ എതിരാകാത്ത അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ തന്റെ ശരീരത്തെ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നാണ്‌.
(ഇമാം ഗസ്സാലിയുടെ അയ്യുഹല്‍ വലദ്‌ എന്ന കൃതിയില്‍ നിന്ന്‌)