Saturday, 22 October 2011

സ്‌നേഹം ചൊരിയുക; ഹൃദയത്തിലിടം നേടുക


അബ്‌ദുല്‍വദൂദ്‌
ഒരു അച്ഛന്റെയും മകന്റെയും കഥയുണ്ട്‌. അവര്‍ക്ക്‌ പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌. അച്ഛന്‌ കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.
പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌! ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌. ഉറ്റ ചങ്ങാതിയെപ്പോലെ തന്റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌. ഇരുമ്പുകൊമ്പി കൊണ്ട്‌ മകന്‍ കാറിയില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു: I love my pappa
അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും. ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും. വെറുപ്പ്‌ ഒരു ജഡമാണ്‌. നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌.
ഒരു സ്വഹാബിയെപ്പറ്റി അദ്ദേഹം സ്വര്‍ഗത്തിലാണെന്ന്‌ തിരുനബി(സ) പറഞ്ഞു. മറ്റു സ്വഹാബികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റുംകൂടി അതിന്റെ കാരണമന്വേഷിച്ചു. ആ സ്വഹാബി ഇത്രമാത്രം പറഞ്ഞു: എന്റെ മനസ്സില്‍ ആരോടും പകയില്ല. ഒരാളോടും ദേഷ്യമോ വെറുപ്പോ ഇല്ലാതെയാണ്‌ ഞാനുറങ്ങുന്നതും ഉണരുന്നതും ജീവിക്കുന്നതും.''
സര്‍വര്‍ക്കും സ്‌നേഹം ചൊരിയേണ്ടവരാണ്‌ നമ്മള്‍. നാനാജാതി മനുഷ്യരും ജന്തുജാലങ്ങളും പക്ഷിമൃഗാദികളും ചെടിയും പൂവും പുല്‍ക്കൊടിയും നമ്മുടെ സ്‌നേഹം നുകരണം. ഒറ്റപ്പുഞ്ചിരി കൊണ്ട്‌ ഓരോ മനസ്സിലും സ്ഥാനം പിടിക്കണം. അതീവ ലളിതമായും അത്ര തന്നെ താഴ്‌മയോടും ഓരോ മനുഷ്യനോടും സംസാരിക്കണം. ഒരു പ്രാവശ്യം മാത്രം നമ്മെ കണ്ടവരിലും ഒളിമങ്ങാത്ത ഓര്‍മയായി പ്രശോഭിക്കണം. അന്യരായി ആരുമില്ല; നമ്മള്‍ പരിചയപ്പെടാന്‍ ബാക്കിയുള്ളവരേയുള്ളൂവെന്ന്‌ തിരിച്ചറിയുക. ഇതൊന്നും അത്രയെളുപ്പമല്ലെങ്കിലും ആവുന്നത്ര ഇങ്ങനെയാകേണ്ടവരാണ്‌ നാം. അന്യനെപ്പോലും അനിയനാക്കുന്ന സ്വഭാവശീലമാണത്‌.
എല്ലാവരെ കുറിച്ചും നല്ലതു വിചാരിക്കുന്നതിലാണ്‌ എല്ലാ നന്മയും നിറയുന്നത്‌. ആരെ പറ്റിയും ഒരു നിമിഷത്തേക്കു പോലും തെറ്റായി ചിന്തിക്കാതിരിക്കാനുള്ള മനസ്സ്‌ നാം വളര്‍ത്തിയെടുക്കണം. ``നല്ലതു വിചാരിക്കല്‍ നല്ല ആരാധനയാണ്‌'' എന്ന്‌ തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്‌ (ഇബ്‌നുഹിബ്ബാന്‍). ``ഒരാളെപ്പറ്റി ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ അതേപ്പറ്റി കൂടുതല്‍ അന്വേഷിക്കരുതെന്നും അവിടുന്ന്‌ പറഞ്ഞു'' (ഇബ്‌നുമാജ). ആഇശാബീവിയെ(റ) പറ്റി അപവാദം പ്രചരിപ്പിച്ചതിനെക്കുറിച്ച്‌ പറയുന്നതിനിടെ ``നിങ്ങളെന്തുകൊണ്ട്‌ നല്ലത്‌ വിചാരിച്ചില്ല'' എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്‌. (24:12)
രോഗമാണ്‌ പകരുക. ആരോഗ്യം പകരാറില്ല. ചീത്ത വിചാരങ്ങളും അസത്യവാര്‍ത്തകളും വേഗം പ്രചരിക്കും. മോശമായ മുന്‍വിധികള്‍ക്ക്‌ വേഗം സ്ഥാനം ലഭിക്കും. അങ്ങനെയാണ്‌ പലരെയും നാം തിരിച്ചറിയാതെ പോയത്‌. തിരുത്താനാവാത്ത പിഴവായി അത്തരം നഷ്‌ടങ്ങള്‍ നമ്മെ വേട്ടയാടും.
മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ. ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു. അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌! സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി. വെറുപ്പോടെ അയാളെ നോക്കി. അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി. അവള്‍ വെറുപ്പോടെ മുഖം തിരിച്ചു. അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌! അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ മിഠായി ആയിരുന്നു. ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും അയാളോട്‌ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല. സ്‌നേഹം കൊണ്ട്‌ പലതും നേടുന്നു.

Friday, 21 October 2011

നല്ലതേ വരൂ!


അബ്‌ദുല്‍വദൂദ്‌
``നല്ലതേ വരൂ, എല്ലാം നല്ലതിനാവും'' എന്ന വാക്ക്‌ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കാണ്‌. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലും തീര്‍ത്തും പരാജിതമായ സന്ദര്‍ഭങ്ങളിലും ഇങ്ങനെ പറയാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണ്‌. നഷ്‌ടങ്ങളുടെയും വിരഹങ്ങളുടെയും കണ്ണീരിന്റെയും നടുവിലും `നല്ലതേ വരൂ' എന്നു പറയേണ്ടവരാണ്‌ നമ്മള്‍. എല്ലാം വരുത്തുന്നവനെപ്പറ്റിയുള്ള ശരിയായ അറിവില്‍ നിന്നാണ്‌ അവന്‍ വരുത്തുന്നതെല്ലാം നല്ലതേ ആയിത്തീരുവെന്ന ദൃഢനിശ്ചയത്തിലേക്ക്‌ നമ്മെയെത്തിക്കുന്നത്‌. കാരുണ്യവാന്മാരില്‍ വെച്ചേറ്റവും വലിയ കാരുണ്യവാന്‍ (അര്‍ഹമുര്‍റഹിം) തീരുമാനിക്കുന്നതും നടപ്പില്‍ വരുത്തുന്നതുമെല്ലാം അത്യുദാരമായ ആ കാരുണ്യത്തിന്റെ ഭാഗം മാത്രമല്ലേ ആകൂ?

നമ്മള്‍ മോഹിക്കുന്നിടത്തല്ല പലപ്പോഴും നമ്മളാരും എത്തിച്ചേരുന്നത്‌. എത്തിച്ചേര്‍ന്നിടത്തെ മോഹിപ്പിക്കുന്നിടത്താണ്‌ നാം വിജയിക്കേണ്ടത്‌. ഓരോ ദിവസവും അവസാനത്തെ ദിവസമെന്ന പോലെ ജീവിക്കേണ്ടവരാണ്‌ നമ്മള്‍. അഥവാ അത്ര ഫലപ്രദവും അത്രതന്നെ ആസ്വാദനത്തോടെയുമുള്ള ജീവിതം. തീര്‍ച്ചയായും ഒരു ദിവസം ആ ധാരണ ശരിയയിത്തീരും.
സങ്കടങ്ങള്‍ കൊണ്ട്‌ ജീവിതത്തിന്റെ ഭംഗി നഷ്‌ടപ്പെടുത്താതെ ജീവിക്കണം. ഈ ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുകയും ചിലത്‌ സംഭവിക്കാതിരിക്കുകയും ചെയ്യും. സൂറത്തുല്‍ ഹദീദിലെ 22, 23 വചനങ്ങള്‍ ഒരു കുളിര്‍മഴയാണ്‌. ജീവിതത്തിലെ സകല അനുഭവങ്ങളെയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്‌ ഈ പരിശുദ്ധ വചനം ഊര്‍ജം പകരും. ``മണ്ണിലോ മനുഷ്യജീവിതത്തിലോ സംഭവിക്കുന്ന സര്‍വതും മുന്‍കൂട്ടി ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയതാണ്‌. നിശ്ചയം, അത്‌ അല്ലാഹുവിന്‌ എളുപ്പമാണ്‌. നിങ്ങള്‍ക്ക്‌ നഷ്‌ടമായതിനെച്ചൊല്ലി ദു:ഖിക്കാതിരിക്കാനും ലഭ്യമായതിന്റെ പേരില്‍ ആഹ്‌ളാദിക്കാതിരിക്കാനുമാണ്‌ അങ്ങനെ ചെയ്‌തത്‌. ദുരഭിമാനികളെയും അഹങ്കാരികളെയുമെല്ലാം അല്ലാഹുവിന്‌ അനിഷ്‌ടമാണ്‌.''

ഓരോ സങ്കടവും ഓരോ നഷ്‌ടവും ഒന്നിലേറെ ഓര്‍മപ്പെടുത്തലുകളും താക്കീതുകളുമാണ്‌. ``ഇടയ്‌ക്കു കണ്ണീരുപ്പു കലരാതെന്തിനീ ജീവിത പലഹാരം?'' എന്ന കവിവചനം പോലെ ജീവിതത്തെ സമീപിക്കുവാന്‍ നമുക്കു കഴിയണം. പക്ഷിക്ക്‌ ഇരുഭാഗത്തുമുള്ള ചിറകുകള്‍ ഭാരമാണെങ്കിലും ആ ചിറകുണ്ടെങ്കിലേ അതിന്‌ പറന്നുയരാന്‍ കഴിയൂ. നമ്മുടെ ഭാരങ്ങളും സങ്കടങ്ങളും കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറന്നുയരാനുള്ള ചിറകുകളാവണം. സര്‍കസ്‌ കൂടാരത്തില്‍ നൂലിനു മുകളിലൂടെ നടക്കുന്ന കുട്ടിയുടെ കൈയില്‍ വലിയൊരു മുളക്കമ്പ്‌ പിടിച്ചിട്ടുണ്ടാവും. ആ മുളക്കമ്പ്‌ ഭാരമാണെങ്കിലും ബാലന്‍സ്‌ തെറ്റാതെ നൂലിലൂടെ നടക്കണമെങ്കില്‍ അതു വേണം. ജീവിതത്തിലൂടെ നിവര്‍ന്ന്‌ നടക്കാനുള്ള കരുത്തും പ്രേരണയുമായി സങ്കടങ്ങളെ നാം സ്വീകരിക്കുക. ``നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കുന്നുണ്ട്‌. സത്യത്തില്‍ അതു നിങ്ങള്‍ക്ക്‌ ഗുണകരമായിത്തീരാം. മറ്റൊരു കാര്യത്തെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്നുണ്ട്‌. പക്ഷേ അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാകാനും സാധ്യതയുണ്ട്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (2:216)

ഉരുക്കിടുന്നു, മിഴിനീരിലിട്ടുമുക്കുന്നു മുറ്റും ഭുവനൈക ശില്‌പി-മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍ 
എന്ന കവി വചനം ശരിയാണ്‌. കടുത്ത ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്ത കരുത്തോടെ, പുതിയ മനുഷ്യനാക്കി നമ്മെ മാറ്റിയെടുക്കാനാണ്‌ ഓരോ സങ്കടങ്ങളും അല്ലാഹു സമ്മാനിക്കുന്നത്‌. സുഖവും സമൃദ്ധിയും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല.

നമ്മുടെ വളര്‍ച്ചയും മാനസിക ശക്തിയും ഭക്തിയും വര്‍ധിക്കുവാനാണ്‌ അനുകൂലമല്ലാത്ത അനുഭവങ്ങള്‍ അല്ലാഹു നല്‌കുന്നത്‌. ഇത്‌ തിരിച്ചറിയുന്നവര്‍ വിജയിക്കുകയും അല്ലാത്തവര്‍ തോറ്റുപോവുകയും ചെയ്യുന്നുവെന്നു മാത്രം. ഒരു ചെടിയെ ബഡ്ഡ്‌ ചെയ്യുമ്പോള്‍ കര്‍ഷകന്‍ വിചാരിക്കുന്നത്‌ ചെടിയെ കൂടുതല്‍ നന്നായി വളരാന്‍ അനുവദിക്കുക എന്നാണ്‌. എന്നാല്‍ തന്നെ എന്തിനാണിങ്ങനെ മുറിച്ചുവേദനിപ്പിക്കുന്നത്‌ എന്നായിരിക്കും ചെടിയുടെ ചിന്ത; അല്ലേ?

അല്ലാഹുവിന്‌ ചില തീരുമാനങ്ങളുണ്ട്‌. അവ നമ്മുടെ ഇഷ്‌ടങ്ങളും ആവശ്യങ്ങളുമായി യോജിക്കണമെന്നില്ല. യോജിച്ചാലും ഇല്ലെങ്കിലും ആ തീരുമാനങ്ങളെ ഉള്‍ക്കൊള്ളാനും നന്മ മാത്രം വിചാരിക്കാനും അല്ലാഹുവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലുമുള്ള പ്രതീക്ഷ കൈവിടാതിരിക്കാനുമാണ്‌ നമുക്കുള്ള നിര്‍ദേശം. അപ്രതീക്ഷിതമായി പലതും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അപ്രത്യക്ഷമാക്കാത്ത ആ പ്രതീക്ഷ തന്നെയാണ്‌ സത്യവിശ്വാസിയുടെ ഉന്നതമായ ശക്തി. നമ്മുടെ കണക്കു കൂട്ടലുകളുകളൊക്കെ തെറ്റുമ്പോഴും അല്ലാഹുവിന്റെ കണക്കുകള്‍ തെറ്റില്ലെന്ന തീര്‍ച്ചപ്പെടുത്തലാണത്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌ അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടവരുമാണ്‌. (ഇന്നാലില്ലാഹി വളന്നാഇലൈഹി റാജിഊന്‍) എന്ന ഒറ്റ വചനം കൊണ്ട്‌ ഉള്ളു മുഴുവന്‍ ശാന്തി പരക്കുന്ന അനുഭവത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. ``ഞങ്ങള്‍ അല്ലാഹുവിന്റേതാണ്‌'' എന്നാണ്‌ പറയുന്നത്‌. നമ്മുടെ സ്വന്തം വസ്‌തു എന്ത്‌ ചെയ്യണമെന്നത്‌ നമ്മുടെ തീരുമാനമാണ്‌. എങ്കില്‍ അല്ലാഹുവിന്റെ സ്വന്തമായ നമ്മെ എന്തു ചെയ്യണമെന്ന്‌ അവന്‍ തീരുമാനിക്കും. ആ തീരുമാനങ്ങളെല്ലാം നല്ലതേ വരുത്തൂവെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം.