Tuesday, 2 November 2010

ഒരു മാടപ്രാവിന്റെ കഥ

`പള്ളിയിലെ മാടപ്രാവ്‌' എന്ന്‌ വിളിക്കപ്പെട്ട ഒരാളുണ്ടായിരുന്നു. ആരാധനയിലുള്ള സൂക്ഷ്‌മത കൊണ്ടും പള്ളിയുമായുള്ള സമ്പര്‍ക്കം കൊണ്ടും ലഭിച്ചതാണ്‌ ഈ പേര്‌. സഅ്‌ലതുബ്‌നു ഹാതിബ്‌ എന്ന യഥാര്‍ഥ പേര്‌ ആരും വിളിക്കാതെയായി. മാറ്റിയുടുക്കാന്‍ മറ്റൊരു വസ്‌ത്രമില്ലാത്തവിധം ദരിദ്രനായിരുന്നു അദ്ദേഹം. പരാതികളില്ലാത്ത ആ ജിവിതം മാതൃകാധന്യമായിരുന്നു. ജമാഅത്ത്‌ നമസ്‌കാരങ്ങളൊന്നും നഷ്‌ടപ്പെടാത്ത വിധം ഭക്തസുന്ദരമായ ശീലങ്ങള്‍! കടുത്ത ദാരിദ്ര്യത്തിന്റെ സന്ദര്‍ഭത്തില്‍, തിരുനബിയുടെ അരികിലെത്തി അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടു: ``അല്ലാഹുവിന്റെ ദൂതരേ, എനിക്കല്‌പം സമ്പത്തുണ്ടാകാന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുമോ?''

ഇത്‌ കേട്ടപ്പോള്‍ തിരുനബി ഉപദേശിച്ചു. ``സഅ്‌ലബാ, കുറച്ചു പണം പോരേ? കൂടുതല്‍ കിട്ടിയാല്‍ അല്ലാഹുവിനെ മറന്നുപോയാലോ?''

``പ്രവാചകരേ, എനിക്ക്‌ സമ്പത്തുണ്ടാവുകയാണെങ്കില്‍ ഞാന്‍ ധാരാളം ദാനംചെയ്യും. പണംകൊണ്ട്‌ ചെയ്യാവുന്ന നല്ല കാര്യങ്ങളെല്ലാം ചെയ്യും. റസൂലേ, പ്രാര്‍ഥിക്കുമോ?''
തിരുനബി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ഫലിച്ചു. സഅ്‌ലബയ്‌ക്ക്‌ ആടുമാടുകള്‍ ലഭിച്ചു. അദ്ദേഹം മാറ്റമില്ലാതെ ജീവിക്കുകയും മുടക്കമില്ലാതെ തിരുനബിയുടെ അരികിലെത്തുകയും ചെയ്‌തു. പതുക്കെ ആ സമ്പത്ത്‌ വര്‍ധിച്ചു. ആടുമാടുകള്‍ പെറ്റുപെരുകി. തിരുനബിയുടെ സദസ്സിലേക്കുള്ള വരവ്‌ കുറഞ്ഞു. മഗ്‌രിബ്‌-ഇശാ നമസ്‌കാരങ്ങള്‍ക്ക്‌ മാത്രം വരും. പിന്നീട്‌ വെള്ളിയാഴ്‌ചകളില്‍ മാത്രമായി വരവ്‌. തിരുനബി അദ്ദേഹത്തെ ഇടയ്‌ക്കിടെ അന്വേഷിക്കുന്ന അവസ്ഥയിലെത്തി.

സകാത്ത്‌ നിര്‍ബന്ധമാക്കിയുള്ള ആയത്ത്‌ ഇറങ്ങി. തിരുനബി ഒരെഴുത്തുമായി സഅ്‌ലബയുടെ അടുത്തേക്ക്‌ ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു. കത്ത്‌ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: ``നിങ്ങള്‍ക്ക്‌ വേറെ സ്ഥലങ്ങളില്‍ നിന്ന്‌ സകാത്ത്‌ ശേഖരിക്കാനുണ്ടോ? എങ്കില്‍ അത്‌ കഴിഞ്ഞ്‌ വരൂ.'' അവര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നെല്ലാം സകാത്ത്‌ സംഭരിച്ച്‌, ഒടുവില്‍ സഅ്‌ലബയുടെ അരികിലെത്തി. തിരുനബിയുടെ കത്ത്‌ വീണ്ടും വായിച്ച ശേഷം അയാള്‍ പറഞ്ഞു: ``ഹോ, ഇത്‌ വല്ലാത്തൊരു നികുതി തന്നെ. ഞാനൊന്നുകൂടി ആലോചിക്കട്ടെ, നിങ്ങള്‍ പിന്നെ വരൂ.''

അവര്‍ തിരുനബിയുടെ അരികിലെത്തി ഇക്കാര്യം പറഞ്ഞു. അന്നേരം അതാ അല്ലാഹുവിന്റെ വചനമിറങ്ങുന്നു. സൂറതുത്തൗബയിലെ 75-77 വചനങ്ങള്‍: ``അല്ലാഹു അവന്റെ ഔദാര്യം ഞങ്ങളില്‍ ചൊരിയുകയാണെങ്കില്‍, ഞങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യാമെന്നും സച്ചരിതരാകാമെന്നും പ്രതിജ്ഞ ചെയ്യുന്ന ചിലരുണ്ട്‌. എന്നാല്‍ അല്ലാഹു അവന്റെ ഔദാര്യംകൊണ്ട്‌ അവരെ സമ്പന്നരാക്കിയാല്‍ അവര്‍ പിശുക്കരാവുകയും, പ്രതിജ്ഞ അവഗണിച്ചുകൊണ്ട്‌ പിന്മാറിക്കളയുകയും ചെയ്യുന്നു. അതിനാല്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടാക്കുകയും ചെയ്‌തു. അവനെ കണ്ടുമുട്ടുന്നനാള്‍വരെയും ഇതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട്‌ ചെയ്‌ത പ്രതിജ്ഞ ലംഘിക്കുകയും കള്ളം പറയുകയും ചെയ്‌തതുകൊണ്ടാണത്‌'' (ബൈഹഖി-ശുഅബു ഈമാന്‍ 4357, ത്വബ്‌റാനി-കബീര്‍ 8:7873)

ഇത്‌, പണത്തിന്റെ പൊലിമയില്‍ ജീവിതം വഴിമാറിയ കഥ. മറ്റൊരു ചരിത്രം കൂടിയുണ്ട്‌. സുഖസമൃദ്ധിയില്‍ ജീവിച്ചപ്പോഴും അതുമാത്രം ശീലിച്ചപ്പോഴും-തിരിച്ചറിഞ്ഞ സത്യത്തിനു വേണ്ടി എല്ലാം തിരസ്‌കരിച്ച മിസ്‌അബു ബ്‌നു ഉമൈര്‍...! ഓരോ ദിവസവും ഒന്നിലേറെ വസ്‌ത്രങ്ങളണിഞ്ഞ്‌ ജീവിതം ആഘോഷമാക്കിയ യുവാവ്‌. ഭക്ഷണത്തളികകള്‍ ഒന്നൊന്നായി മുന്നിലെത്തിക്കൊണ്ടിരുന്ന അതിസമ്പന്നനായി വെട്ടിത്തിളങ്ങിയ കാലം. ആ കാലത്തില്‍ നിന്നാണ്‌ ഇസ്‌ലാമിലേക്കെത്തിയത്‌. എല്ലാ ഐശ്വര്യങ്ങളെയും പുറംകാലു കൊണ്ട്‌ പൂപോലെ വലിച്ചെറിഞ്ഞ്‌ ഇസ്‌ലാമിലേക്ക്‌ നടന്നടുത്തു. ഭക്തിയുടെയും വിരക്തിയുടെയും പരുക്കന്‍ പ്രതലത്തിലേക്ക്‌ ധൈര്യസമേതം വന്നുകയറിയ മിസ്‌്‌അബ്‌, പഴയകാലത്തോട്‌ പകരംവീട്ടി. ഉഹ്‌ദില്‍ രക്തസാക്ഷിയായി. ചേതനയറ്റു കിടക്കുന്ന മിസ്‌്‌ബിന്റെ ശരീരത്തെ നോക്കി തിരുനബി പറഞ്ഞുവത്രെ: ``അല്ലയോ മിസ്‌അബ്‌! മക്കയില്‍ വെച്ച്‌ ഞാന്‍ നിന്നെ കണ്ടിട്ടുണ്ട്‌. നിന്റെതിനേക്കാള്‍ മിനുസമുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നവരും നിന്നെക്കാള്‍ മനോഹരമായ തലമുടിയുള്ളവരും മക്കയില്‍ വേറെയുണ്ടായിരുന്നില്ല. ആ നീയാണിപ്പോള്‍ ഒറ്റപ്പുതപ്പിനാല്‍ ജടകെട്ടിയ മുടിയുമായി കിടക്കുന്നത്‌.'' (രിജാലുഹൗലര്‍റസൂല്‍, ഖാലിദ്‌ മുഹമ്മദ്‌ ഖാലിദ്‌ 347)
പിന്നെ തിരുനബി ഒരു ഖുര്‍ആന്‍ വചനം ചൊല്ലി: ``വിശ്വാസികളില്‍ ചിലരുണ്ട്‌. അല്ലാഹുവുമായി ചെയ്‌ത കരാര്‍ യാഥാര്‍ഥ്യമാക്കിയവരാണവര്‍. അവരില്‍ ചിലര്‍ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തിയാക്കിയിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാണ്‌. തങ്ങളുടെ നിലപാടില്‍ അവര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.'' (അഹ്‌സാബ്‌ 23)

പണത്തോടുള്ള ആര്‍ത്തി നമ്മെ വേഗം കേടുവരുത്തും. ഹറാമായതൊന്നും കലരാതെ ജീവിക്കാന്‍ വലിയ പ്രയാസമുണ്ട്‌. ഒരു കപ്പ്‌ പാല്‍ ആരോ സമ്മാനിച്ചപ്പോള്‍, അത്‌ എവിടുന്ന്‌, ആരുടേത്‌, എന്നെല്ലാം തിരുനബി ചോദിച്ചറിഞ്ഞു. എന്നിട്ടിങ്ങനെ ഉപദേശിച്ചു: ``നല്ലതല്ലാതെ ഒന്നും ഭക്ഷിക്കരുത്‌. നല്ലതല്ലാത്തതൊന്നും ചെയ്യരുത്‌.'' (ത്വബ്‌റാനി)

അബൂബക്‌ര്‍ സിദ്ദീഖിന്‌(റ) തന്റെ അടിമ ഒരു ഭക്ഷണം സമ്മാനിച്ചു. വിശപ്പായതിനാല്‍ അദ്ദേഹം അത്‌ വേഗം കഴിച്ചു. പിന്നെയാണറിഞ്ഞത്‌, ശിര്‍ക്ക്‌ കലര്‍ന്ന മന്ത്രം നടത്തി സമ്പാദിച്ചതാണ്‌ അതെന്ന്‌. കൈ വായിലേക്കിട്ട്‌ അദ്ദേഹം ഛര്‍ദ്ദിച്ചുകളഞ്ഞു. എന്നിട്ട്‌ പറഞ്ഞു: മരിക്കേണ്ടിവന്നാലും ഞാനത്‌ ഛര്‍ദ്ദിക്കും. കാരണം, അത്‌ കഴിച്ചാല്‍ എന്റെ ആരാധനകള്‍ സ്വീകരിക്കപ്പെടുകയില്ലെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ട.്‌'' (ഹില്‍യതുല്‍ ഔലിയാ, അബൂനഈം)

മുസ്‌ലിംകളെ തകര്‍ക്കുന്നത്‌ പണമായിരിക്കുമെന്ന്‌ തിരുനബി പറഞ്ഞിട്ടുണ്ട്‌; ശരിയല്ലേ?


കടപ്പാട് : ശബാബ് വാരിക




No comments:

Post a Comment