Sunday, 3 June 2012

നമ്മളുണ്ടാവരുത് അക്കൂട്ടത്തില്‍


ഹാഫിദ്‌ ഇബ്‌നു അസാകിര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്‌;
ആരാധനാ കാര്യങ്ങളില്‍ അതീവ നിഷ്‌ഠയോടെ ജീവിച്ചിരുന്ന ഒരാളുണ്ടായിരുന്നു. ദൈവഭയത്തില്‍ വിട്ടുവീഴ്‌ചയില്ലാതെയുള്ള ജീവിതം. യുവാവായിരുന്നെങ്കിലും തിന്മകളിലൊന്നും അകപ്പെടാതെയുള്ള ആ ജീവിതത്തില്‍ വെല്ലുവിളി നേരിട്ട സന്ദര്‍ഭമുണ്ടായി. സുന്ദരിയായ ഒരുവള്‍ അയാളെ പ്രണയിച്ചു. കലശലായ പ്രണയംകൊണ്ട്‌ മതിമറന്ന അവള്‍ അയാളെ ശരീരബന്ധത്തിന്‌ ക്ഷണിച്ചു. ശക്തമായ അവളുടെ പ്രലോഭനത്തില്‍ നിന്ന്‌ കുതറി മാറാനാകാതെ അയാള്‍ ആ വലയില്‍ വീണു. ശരീരബന്ധത്തിനായി അവളൊരുക്കിയ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ മനസ്സിലേക്ക്‌ ഒഴുകിയെത്തിയത്‌ ഈ ഖുര്‍ആന്‍ വാചനമായിരുന്നു.
``അല്ലാഹുവിനെ സൂക്ഷിക്കുന്നവരുടെ അവസ്ഥയെന്തെന്നാല്‍, എപ്പോഴെങ്കിലും ശൈത്വാന്റെ സ്വാധീനത്താല്‍ അവരില്‍ ഒരു ദുര്‍വിചാരമുണര്‍ന്നാല്‍ ഉടനെ ബോധവാന്മാരാകുന്നു. തങ്ങളുടെ ശരിയായ മാര്‍ഗമേതെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്നു'' (അഅ്‌റാഫ്‌ 201). ഈ വചനം ഹൃദയത്തിലുണര്‍ന്നതോടെ അയാള്‍ ബോധരഹിതനായി വീണു. ബോധമുണര്‍ന്നപ്പോള്‍ വീണ്ടും അതേ വചനം മനസ്സില്‍ അലതല്ലി. നിമിഷങ്ങള്‍ക്കകം അയാള്‍ മരണപ്പെടുകയും ചെയ്‌തു.

ഉമര്‍(റ) വന്ന്‌, യുവാവിന്റെ പിതാവിനെ ആശ്വസിപ്പിക്കുകയും സങ്കടം പങ്കിടുകയും ചെയ്‌തു. മൃതദേഹം രാത്രി ഖബ്‌റടക്കി. ഉമറും സുഹൃത്തുക്കളും ഖബ്‌റിന്നരികെയെത്തി മയ്യിത്ത്‌ സംസ്‌കരിച്ചു. ശേഷം ഖബ്‌റിലേക്ക്‌ ചൂണ്ടി ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``അല്ലയോ ചെറുപ്പക്കാരാ, തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാവേണ്ടി വരുമെന്ന്‌ ഭയപ്പെട്ടവര്‍ക്കെല്ലാം രണ്ട്‌ സ്വര്‍ഗങ്ങളുണ്ട്‌'' (ഇബ്‌നുകസീര്‍ വാള്യം 2, പേജ്‌ 279)

ഹൃദയ ധമനികളില്‍ തഖ്‌വ നിറയുമ്പോള്‍ ജീവിതരംഗങ്ങളെയെല്ലാം അത്‌ ചികിത്സിച്ച്‌ ഭേദമാക്കുക തന്നെ ചെയ്യും. പാപങ്ങളിലേക്ക്‌ പതറുന്ന ഹൃദയത്തെ പുണ്യങ്ങളിലേക്ക്‌ തിരിച്ചുപിടിക്കും. കുറ്റബോധം കൊണ്ട്‌ ഹൃദയത്തെയും ജീവിതത്തെയും നവീകരിച്ചുകൊണ്ടിരിക്കും. അത്രയും കരുത്തുറ്റ ഈമാനും തഖ്‌വയും സംഭരിക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. ആരാധനകളില്‍ നിന്നും ഖുര്‍ആന്‍ പാരായണത്തില്‍ നിന്നും ലോകരക്ഷിതാവിന്റെ സന്നിധിയെയും സൂക്ഷ്‌മനിരീക്ഷണത്തെയും കൂടുതല്‍ പേടിക്കാനുള്ള പാഠമാണ്‌ നാം പരിശീലിക്കേണ്ടത്‌. അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ നടുങ്ങുന്ന ഹൃദയങ്ങള്‍ യഥാര്‍ഥ മുഅ്‌മിനിന്റെ അടയാളമായാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌.
സാധാരണ വിശ്വാസിക്ക്‌ ഉള്‍ക്കൊള്ളാനാകുന്നതിനും അപ്പുറത്തുള്ള വിശേഷണമാണിത്‌. ആലോചിച്ചെടുക്കാനാകുന്നതിനുമപ്പുറം ഈമാനിന്റെ ഒരു തിളക്കമുണ്ട്‌. ഏതൊരാള്‍ക്കും എത്താന്‍ സാധിക്കുന്ന പദവിയാണത്‌. പക്ഷേ, ഭൗതിക കൗതുകങ്ങളില്‍ ഉഴലുന്ന ഹൃദയങ്ങള്‍ യഥാര്‍ഥ ഈമാനിന്റെയും തഖ്‌വയുടെയും രുചിയറിയാതെ പോകുന്നു. ആരാധനാ കര്‍മങ്ങളും ഖുര്‍ആന്‍ പാരായണവുമൊക്കെ ആവര്‍ത്തിക്കുന്ന ദിനചര്യകള്‍ ആകുമ്പോഴും ഹൃദയത്തെ ഉണര്‍ത്തുകയോ ഹൃദയത്തിലുറക്കുകയോ ചെയ്യുന്ന അനുഭവങ്ങളാകാതെ പോകുന്നുവെന്നതാണ്‌ സങ്കടം!

``തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമെന്ന്‌ ഭയപ്പെട്ട്‌ ശരീരത്തിന്റെ ഇഷ്‌ടങ്ങളില്‍ നിന്ന്‌ ആത്മാവിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നവര്‍-സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള അവസാന സങ്കേതം'' (അന്നാസിആത്‌ 70)
ഈ വചനം ഇമാം മുജാഹിദ്‌(റ) വിശദീകരിക്കുന്നത്‌ ഇമാം ഖുര്‍ത്വുബി ഉദ്ധരിക്കുന്നു: ``തെറ്റില്‍ അകപ്പെടുന്ന സമയത്ത്‌ അല്ലാഹുവിനെക്കുറിച്ചോര്‍ത്തും അവനെ ഭയപ്പെട്ടും അതില്‍ നിന്ന്‌ പിന്തിരിയുകയും കുറ്റങ്ങളും നിഷിദ്ധ കാര്യങ്ങളും ചെയ്യുന്നതില്‍ നിന്ന്‌ ശരീരത്തിന്റെ ഇഷ്‌ടങ്ങളെ തടയുകയും ചെയ്യലാണിത്‌''.
``ശരീരത്തിന്റെ മോഹങ്ങള്‍ മനസ്സിനെ നയിക്കുന്ന കാലത്തു നിന്ന്‌ എന്ന നീ കാത്തുകൊള്ളേണമേ'' എന്നൊരു പ്രാര്‍ഥന അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദില്‍(റ) നിന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ടദ്ദേഹം സ്വഹാബികളോട്‌ ഇങ്ങനെ പറയുകയും ചെയ്‌തു:
``സത്യം ഇച്ഛയെ നയിക്കുന്ന കാലത്താണ്‌ നാമിപ്പോള്‍. ഇച്ഛ സത്യത്തെ നയിക്കുന്ന ഒരു കാലം ഇനി വരാനുണ്ട്‌. ആ കാലത്തില്‍ നിന്നും അല്ലാഹുവിനോട്‌ ശരണം തേടുക.''
സ്വഹാബി പ്രമുഖന്‍ ഉബയ്യുബ്‌നു കഅ്‌ബിനോട്‌ ഉമര്‍(റ) പങ്കുവെച്ച ഒരു സന്ദേശം അക്കാലത്തേക്ക്‌ മാത്രമല്ല, എക്കാലത്തേക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്‌.
``ഉബയ്യേ, എന്താണ്‌ തഖ്‌വ?''
``കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ ചെരുപ്പില്ലാതെ നടക്കുമ്പോള്‍ കാലില്‍ കല്ല്‌ തട്ടാതിരിക്കാനും മുള്ള്‌ തുളയ്‌ക്കാതിരിക്കാനും ശ്രദ്ധാപൂര്‍വമല്ലേ ഓരോ ചുവടും താങ്കള്‍ വെയ്‌ക്കുന്നത്‌? ആ ജാഗ്രതയാണ്‌ തഖ്‌വ''
സമഗ്രവും അതീവ സുന്ദരവുമായ നിര്‍വചനം!
ഈമാനും ഇബാദത്തും പാപങ്ങളും വിദഗ്‌ധമായി കൂട്ടിയോജിപ്പിച്ച ജീവിതമാണ്‌ നമ്മുടെ കാലത്ത്‌ ഏറെയും. അക്കൂട്ടത്തില്‍ നമ്മളില്ലാതിരിക്കട്ടെ

1 comment:

  1. veendu vicharangal ulla ethra aalukal undakum nammude kootathil

    ReplyDelete