ഒരു സത്യവിശ്വാസി പ്രഭാതം മുതല് പ്രദോഷം വരെ സര്വശക്തനായ അല്ലാഹുവിന് വേണ്ടി അവന്റെ വിചാരവികാരങ്ങളെയും ഭക്ഷണ പാനീയങ്ങളെയും നിയന്ത്രിച്ചുനിര്ത്തുന്ന പ്രക്രിയക്കാണ് നോമ്പ് എന്ന് പറയുന്നത്. നോമ്പ് മറ്റുള്ള ആരാധനാകര്മങ്ങള് പോലെയല്ല. വളരെ ത്യാഗസമ്പൂര്ണമായ ഒരു കര്‍മമാണ്. അഥവാ തനിക്ക് അനുവദിക്കപ്പെട്ട വസ്തു കയ്യെത്താവുന്ന ദൂരത്ത് തന്റെ മുന്നില് സജ്ജമായിട്ടും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ചുകൊണ്ട് അവനത് ത്യജിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് നബി(സ) ഇപ്രകാരം അരുളിയത്: ``വല്ലവനും സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും റമദാനില് നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള് പൊറുക്കപ്പെടുന്നതാണ്.'' (ബുഖാരി)
ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു അരുളിയതായി നബി(സ) പ്രസ്‌താവിക്കുകയുണ്ടായി: ``ആദമിന്റെ മകന്‍ (മനുഷ്യന്) ചെയ്യുന്ന എല്ലാ കര്‍മങ്ങളും അവന്നുള്ളതാണ്. നോമ്പൊഴിച്ച്. തീര്‍ച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‌കുന്നവന്‍.'' (അഹ്മദ്, മുസ്ലിം, നസാഈ)
നോമ്പുതുറക്കുന്നതിനും അത്താഴത്തിനും വിഭവങ്ങള്‍ ഒരുക്കുന്ന വിഷയത്തില്‍ നാം വളരെയധികം മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. തൊണ്ണൂറു ശതമാനം മുസ്‌ലിംകളും അതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്നവരാണ്. ഒരു പരിധിവരെ അത് ആവശ്യവുമാണ്. പക്ഷെ, നോമ്പുകാലം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് തടിയും തൂക്കവും വര്‍ധിപ്പിച്ച് ഒരു ആരാധനാകര്‍മം എന്നതിലുപരി അത് ഒരാഘോഷമായി കണക്കാക്കുന്നവരാണ് ചിലരെങ്കിലും. എന്നാല്‍ ഏറ്റവും പ്രധാനമായും മുന്നൊരുക്കം നടത്തേണ്ടത് നോമ്പ് എന്ന കര്‍മം പ്രതിഫലം ലഭിക്കുന്നവിധം അനുഷ്ഠിക്കുന്ന വിഷയത്തിലാണ്. അത് നടത്തുന്നവര്‍ വളരെ വിരളമാണ്. പലരും നോമ്പനുഷ്‌ഠിക്കുന്ന രൂപം കണ്ടാല്‍ അതിന് അല്ലാഹുവിങ്കല്‍ നിന്നും പ്രതിഫലം ലഭിക്കുമോ എന്ന് സംശയിച്ചുപോകും. പലരും അല്ലാഹുവിനു വേണ്ടി ഭക്ഷണപാനീയങ്ങളും വികാരവിചാരങ്ങളും നിയന്ത്രിച്ചു നിര്‍ത്താറുണ്ടെങ്കിലും അവന്റെ വാക്കുകളും കര്‍മങ്ങളും പ്രതിഫലം ലഭിക്കാവുന്ന വിധത്തിലുള്ള നോമ്പുകാരന്റേതായിരിക്കില്ല. നബി(സ) പറയുന്നു: ``ചീത്ത വാക്കും, പ്രവൃത്തിയും ആര്‍ ഉപേക്ഷ വരുത്തുന്നില്ലയോ അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷ വരുത്തണമെന്നതില്‍ അല്ലാഹുവിന് യാതൊരുതാല്‍പര്യവുമില്ല.'' (ബുഖാരി)
മറ്റൊരു നബിവചനം ഇപ്രകാരമാണ്: എത്ര നോമ്പുകാരുണ്ട്. അവരുടെ നോമ്പ്‌കൊണ്ട് ദാഹമല്ലാതെ മറ്റൊന്നും തന്നെ അവര്‍ നേടിയിട്ടില്ല. എത്ര നമസ്കാരക്കാരുണ്ട്. ഉറക്കം നഷ്‌ടപ്പെടുത്തുക എന്നതല്ലാതെ മറ്റൊന്നുംതന്നെ അവരുടെ നമസ്‌കാരംകൊണ്ട് അവര്‍ നേടിയിട്ടില്ല.'' (ദാരിമി)
അപ്പോള്‍ നോമ്പായിരുന്നാലും നമസ്‌കാരമായിരുന്നാലും അത് നാം അനുഷ്‌ഠിക്കുന്നത് അല്ലാഹുവും റസൂലും കല്‌പിച്ച രൂപത്തിലല്ലെങ്കില്‍ അത് നമുക്ക് ആഖിറത്തില്‍ മാത്രമല്ല ദുനിയാവിലും നഷ്‌ടമായിരിക്കുമെന്നാണ് മേല്‍ ഹദീസുകള്‍ പഠിപ്പിക്കുന്നത്. സാധാരണ സുബ്‌ഹ് നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുന്ന ചിലരെങ്കിലും നോമ്പുകാലത്ത് അത് ഉറങ്ങി നഷ്ടപ്പെടുത്തുന്നവരാണ്. നോമ്പുകാരനായ ഒരു സത്യവിശ്വാസിക്ക് റമദാനില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ കൃത്യമായ ഒരു കലണ്ടര്‍ ആവശ്യമാണ്. നോമ്പുകാരന് ആദ്യമായി തന്റെ മനസ്സിനെയാണ് ശുദ്ധമാക്കേണ്ടത്. സമൂഹത്തില്‍ സ്വയം മാന്യന്മാരായി പ്രഖ്യാപിക്കുന്ന ചിലരും സമൂഹം മാന്യന്മാരായി വിലയിരുത്തുന്ന പലരും കടുത്ത അസൂയയുടെയും ദുഷ്‌ടചിന്തകളുടെയും വക്താക്കളാണ് എന്നത് നമ്മുടെ അനുഭവസത്യമാണ്. അസൂയ എന്നത് എല്ലാ ദുസ്സ്വഭാവങ്ങളുടെയും മാതാവാണ്. ആ രോഗത്തിന് ചികിത്സയില്ല. കണ്ണില്ലാത്ത രോഗമാണത്. ഈ ദുസ്സ്വഭാവത്തില്‍ നിന്നും മോചിതരായിട്ടുള്ളവര്‍ വിരളമാണ്. മനസ്സ് ശുദ്ധമല്ലെങ്കില്‍ നോമ്പ് മാത്രമല്ല, മറ്റൊരു സല്‍ക്കര്‍മവും അല്ലാഹു സ്വീകരിക്കുന്നതല്ല. `സുരക്ഷിതമായ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ, സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം'' (ശുഅറാ 88-89). ``തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു'' (ശംസ് 8,9). ഈ വിഷയത്തില്‍ വന്ന ഒരു നബിവചനം ഇപ്രകാരമാണ്: ``നിങ്ങള്‍ മനസ്സിലാക്കണം. തീര്‍ച്ചയായും നമ്മുടെ ശരീരത്തിനുള്ളില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായിത്തീര്‍ന്നാല്‍ ശരീരം മുഴുവന്‍ നന്നായിത്തീരും. അത് ദുഷിച്ചുപോയാല്‍ ശരീരം മുഴുവന്‍ ദുഷിച്ചുപോകും. നിങ്ങള്‍ മനസ്സിലാക്കണം. അതാണ് ഹൃദയം'' (ബുഖാരി, മുസ്ലിം).
നമ്മുടെ ശരീരം നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സിനെ മലീമസമാക്കാന്‍ പിശാച് കഠിനമായ ശ്രമം നടത്തിക്കൊണ്ടിരിക്കും. നോമ്പ്, നമസ്‌കാരം തുടങ്ങിയ ഏത് ആരാധനാകര്‍മങ്ങളായിരുന്നാലും അതിന്റെ പ്രതിഫലം നമുക്ക് ലഭിക്കാതിരിക്കാനും നമ്മെ നാശപ്പെടുത്താനും പിശാച് പ്രയത്‌നം നടത്തും. ഫലത്തില്‍ ദുനിയാവും ആഖിറവും അവന്‍ നമുക്ക് നഷ്ടപ്പെടുത്തും. അതിനാല്‍ നോമ്പുകാര്‍ പിശാചിന്റെ കെണിയില്‍ അകപ്പെടുന്നത് സൂക്ഷിക്കേണ്ടതുണ്ട്. അനാവശ്യം പ്രവര്‍ത്തിക്കാനും പറയാനും അവന്‍ നമ്മുടെ മനസ്സിനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. നോമ്പുകാരനായാലും അല്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകും എന്നാണ് നബി(സ) ഒരു ഹദീസിലൂടെ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ``ഒരു സത്യവിശ്വാസി വ്യഭിചരിക്കുമ്പോഴും കള്ളുകുടിക്കുമ്പോഴും കളവു നടത്തുമ്പോഴും സത്യവിശ്വാസിയായിക്കൊണ്ട് വ്യഭിചരിക്കാനോ, കുടിക്കാനോ, കളവു നടത്താനോ അയാള്‍ക്ക് സാധ്യമല്ല.'' (ബുഖാരി) ഇത്തരം സന്ദര്‍ഭങ്ങളില്‍ അയാള്‍ ഇസ്‌ലാമില്‍ നിന്നുതന്നെ പുറത്താണ് എന്നതാണ് മേല്‍ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.
എന്നാല്‍ തഖ്‌വ സംഭരിച്ചുവെച്ച ഒരാള്‍ക്ക് ഇത്തരം ഒരവസ്ഥ വരുന്നതല്ല. അതിനാല്‍ നോമ്പുകാരിലൂടെ ആര്‍ജിക്കേണ്ട ഏറ്റവും വലിയ ഗുണമാണ് തഖ്‌വ. അതുപോലെ നോമ്പിലൂടെ സംഭരിച്ചുവെക്കേണ്ടതും നോമ്പിന്റെ പ്രതിഫലം നിലനിര്‍ത്താന്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതുമായ ഗുണമാണ് ക്ഷമ. വായില്‍ വെള്ളം വറ്റി വയറുവിശക്കുമ്പോള്‍ സ്വാഭാവികമായും നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പോലും മുന്‍കോപം വരാന്‍ സാധ്യതയുണ്ട്. സാധാരണയായി മുന്‍കോപമുള്ളവരെ സംബന്ധിച്ച് പറയേണ്ടതുമില്ല. ഇത്തരക്കാര്‍ പെട്ടെന്ന് എടുത്തുചാടി കയ്യാങ്കളിക്കുള്ള ശ്രമങ്ങള്‍ വരെ നടത്തും. അത്തരക്കാര്‍ നോമ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ മുന്നൊരുക്കം എന്ന നിലയില്‍ `കോപിക്കുകയില്ലെന്ന്' മനസ്സില്‍ ദൃഢപ്രതിജ്ഞയെടുക്കേണ്ടതാണ്.
ഈ വിഷയത്തില്‍ വന്ന ഒരു ഹദീസ് ശ്രദ്ധിക്കുക: ``നിങ്ങളില്‍ ഒരു വ്യക്തി നോമ്പു ദിവസത്തിലാണെങ്കില്‍ അയാള്‍ തോന്നിവാസം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. വല്ലവനും തന്നെ ചീത്തപറയുകയോ തന്നോട് കയര്‍ക്കാന്‍ വരികയോ ചെയ്‌താല്‍ `ഞാന്‍ നോമ്പുകാരനാണ്' എന്നു പറഞ്ഞ് (കുഴപ്പത്തില്‍ നിന്നും) ഒഴിഞ്ഞു മാറേണ്ടതാണ്'' (ബുഖാരി, മുസ്ലിം).
നോമ്പിലേക്കു കടക്കുന്നതിനു മുമ്പു തന്നെ പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കവും തുടങ്ങിവെക്കേണ്ടതാണ്. അതിനു പുറമെ ഖുര്‍ആന്‍ പാരായണം, പഠനം, പ്രാര്‍ഥനകള്‍, തറാവീഹു നമസ്‌കാരം, ഇഅ്തികാഫ് തുടങ്ങിയ എല്ലാ പുണ്യകര്‍മങ്ങളിലും പങ്കെടുത്ത് അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കാനുള്ള ആസൂത്രണവും മുന്നൊരുക്കവും ഓരോ സത്യവിശ്വാസിയില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണ്.
No comments:
Post a Comment